മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ മയക്കുമരുന്ന് മാഫിയാ തലവൻ നെമെസിയോ ഒസെഗുവേര സെർവാന്റസിനെ (എല്‍ മെൻചോ) മെക്‌സിക്കൻ സൈന്യം വധിച്ചു.
ഇന്നലെ മെക്‌സിക്കോയിലെ തപല്‍പയിലാണ് സൈന്യവും എല്‍ മെൻചോയുടെ കാർട്ടല്‍ അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എല്‍ മെൻചോയെ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും മെക്‌സിക്കൻ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
മെക്‌സിക്കൻ സൈന്യത്തിന്റെ ഇന്റലിജൻസ് നല്‍കിയ വിവരങ്ങളനുസരിച്ചും അമേരിക്ക നല്‍കിയ രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിലാണ് എല്‍ മെൻചോയുടെ മാഫിയാ സംഘത്തിനെതിരെ നടപടിയുണ്ടായത്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മാഫിയ അംഗങ്ങളായ ആറുപേരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ സൈന്യം അറസ്റ്റ് ചെയ്തു. മാഫിയ സംഘത്തിന്റെ കേന്ദ്രത്തില്‍ നിന്ന് റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
എല്‍ മെൻചോയുടെ മരണവാർത്ത പുറത്തുവന്നതിനുപിന്നാല അയാളുടെ അനുയായികള്‍ രാജ്യത്ത് കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. മെക്‌സിക്കോയിലെ എട്ടുസംസ്ഥാനങ്ങളിലായി കലാപം വ്യാപിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടും ഗതാഗതം തടസപ്പെടുത്തിയുമാണ് പ്രതിഷേധിക്കുന്നത്. ഇതോടെ മെക്‌സിക്കൻ നഗരങ്ങളിലുള്ള മിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ജാലിസ്‌കോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ജനങ്ങളോട് വീടുകളില്‍ തുടരാനും പൊതുപരിപാടികള്‍ റദ്ദാക്കാനും അധികൃതർ നിർദ്ദേശം നല്‍കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാം അറിയിച്ചു.അന്താരാഷ്ട്ര അന്വേഷണ ഏജൻസികള്‍ തിരയുന്ന പിടികിട്ടാപ്പുള്ളിയായ ലഹരിമരുന്ന് മാഫിയാ തലവനാണ് എല്‍ മെൻചോ. ജാലിസ്‌കോ ന്യൂ ജനറേഷൻ എന്ന കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ തലവനാണ് ഇയാള്‍. എല്‍ മെൻചോ യുടെ തലയ്ക്ക് അമേരിക്ക 15 മില്യണ്‍ ഡോളർ ഇനാമും പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലേക്ക് വൻതോതില്‍ കൊക്കെയ്ൻ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കടത്തിയിരുന്നവരാണ് എല്‍ മെൻചോയും സംഘവും. മെക്‌സിക്കോയും മെക്‌സിക്കൻ സൈന്യത്തിനും അമേരിക്കൻ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അഭിനന്ദനം അറിയിച്ചു.