ഒ ആർ കേളു മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച

ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം സ്ഥാനം ഏല്‍ക്കുന്ന ഒ.ആർ.കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും.

പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക. വയനാട് ജില്ലയില്‍ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ് ഒ.ആർ.കേളു.

മാനന്തവാടി എംഎല്‍എയാണ് ഒ ആർ കേളു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സർക്കാർ ആവശ്യപ്പെട്ട സമയം ഗവർണർ അംഗീകരിക്കുകയായിരുന്നു.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങള്‍. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎല്‍എമാ‍ർ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവാണ് കേളു.

2016 ലാണ് ഒ ആര്‍ കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്‍ച്ചയായ 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുറിച്യ സമുദായത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നല്‍കാന്‍ തീരുമാനമായി

Vartha Malayalam News - local news, national news and international news.