പെരുമ്പാവൂർ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു.
തെരഞ്ഞെടുപ്പ്, പെരുന്നാള്‍, വോട്ടർപട്ടികയില്‍ പേരുചേർക്കല്‍ എന്നിവയുടെ പശ്ചാത്തലത്തിലാണു തൊഴിലാളികള്‍ വലിയതോതില്‍ തങ്ങളുടെ നാടുകളിലേക്ക് തിരിക്കുന്നത്.
തൊഴിലാളികള്‍ മടങ്ങുന്നത് കേരളത്തിലെ നിർമാണമേഖലയിലും ഹോട്ടല്‍, കൃഷി, വ്യവസായ മേഖലകളിലും പ്രതിസന്ധിയുണ്ടാക്കിയെന്ന് തൊഴിലുടമകള്‍ ചൂണ്ടിക്കാട്ടി. പലയിടത്തും കെട്ടിടനിർമാണ ജോലികള്‍ പാതിവഴിയില്‍ നിലയ്ക്കുന്ന അവസ്ഥയാണ്. മാർച്ച് മാസമായതിനാല്‍ പൊതുമരാമത്തിന്റെയും മറ്റു സർക്കാർ വകുപ്പുകളുടെയും നിർമാണജോലികളും സമയബന്ധിതമായി പൂർത്തിയാക്കേണ്ട കരാറുകാരും ബുദ്ധിമുട്ടിലായിട്ടുണ്ട്. തൊഴിലാളിക്ഷാമം മൂലം ജോലികള്‍ മുടങ്ങുന്ന സ്ഥിതിയാണെന്ന് കരാറുകാരും പറയുന്നു.
പെരുമ്പാവൂർ മേഖലയില്‍ മാത്രം ഒരു ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാർ ഉണ്ടെന്നാണു ഔദ്യോഗിക കണക്ക്. അനൗദ്യോഗിക വിവരങ്ങള്‍പ്രകാരം എണ്ണം ഇതിലും കൂടും. പ്ലൈവുഡ് വ്യവസായത്തിന്റെ പ്രധാന മേഖലയായ പെരുമ്പാവൂരില്‍ ഇതരസംസ്ഥാനക്കാരുടെ കൊഴിഞ്ഞുപോക്ക് ആ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും പ്രതിദിന ഉത്പാദനം പകുതിയായി കുറഞ്ഞു. വിവിധ കൃഷികളില്‍ വിളവെടുപ്പിനും മറ്റു ജോലികള്‍ക്കും ആളെ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.
അതേസമയം പശ്ചിമബംഗാളിലും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്കു മാന്യമായ തൊഴില്‍ സാഹചര്യമൊരുക്കുന്നതില്‍ സർക്കാരുകള്‍ പുലർത്തുന്ന ശ്രദ്ധയും കേരളത്തില്‍നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നുണ്ടെന്നും വ്യവസായികള്‍ ചൂണ്ടിക്കാട്ടി.