സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി ഷൈൻ ടോം ചാക്കോ: ലഹരി പരിശോധനയ്ക്കിടെ മൂന്നാംനിലയില്‍ നിന്നും ഇറങ്ങി ഓടി: വിൻസിയുടെ ആരോപണത്തിലും പ്രതി ഷൈൻ

 

ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടി. ഇന്നലെ രാത്രിയാണ് സംഭവം.ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്.

ഷൈനിന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

കൊക്കൈന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ ഈയിടെയാണ് കോടതി വെറുതെ വിട്ടത്. അതിനിടെയാണ് സമാനസംഭവം. കൊച്ചി കടവന്ത്രയില്‍ നടത്തിയ റെയ്ഡില്‍ ആയിരുന്നു കൊക്കൈനുമായി ഷൈനും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30 നായിരുന്നു സംഭവം. കേസില്‍ ഷൈന്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

അതിനിടെ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നല്‍കി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്റെ പേര് വിന്‍സി വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച്‌ ഷൈന്‍ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

Vartha Malayalam News - local news, national news and international news.