മൂന്നുവയസ്സുകാരി പീഡനത്തിന് ഇരയായെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്ന് വയസുകാരി പലതവണയായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ്. ഇന്നലെ പൊലീസിന് ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയിട്ടുളളത്.

പോസ്റ്റ്മോർട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകള്‍ നല്‍കിയത്. ഇതിനുപിന്നാലെ പുത്തൻകുരിശ് പൊലീസ് കുട്ടിയുടെ ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ കുട്ടിയുടെ പിതൃസഹോദരനുമുണ്ടായിരുന്നു. വൈകുന്നേരത്തോടെ മറ്റ് രണ്ട് പേരെ പറഞ്ഞയച്ചതിനുശേഷം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. എസ്‌പി അടക്കമുളളവരാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ കുട്ടിയുടെ പിതൃസഹോദരൻ പൊട്ടിക്കരഞ്ഞെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ബാലനീതി, പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വയസുകാരിയുടെ മരണത്തില്‍ അമ്മ സന്ധ്യയ്ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ കല്യാണിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിന് നടുവിലെ തൂണില്‍ കുരുങ്ങിനിന്ന മരക്കൊമ്ബുകള്‍ക്കിടയില്‍ തങ്ങിയ മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെ‌ഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. തറവാട്ടുവീട്ടില്‍ പൊതുദർശനത്തിനു വച്ചശേഷം തിരുവാണിയൂർ പൊതുശ്മശാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിക്കുകയായിരുന്നു.

കുഞ്ഞിന്റെ അമ്മ സന്ധ്യ നേരത്തെയും കൊലപാതക ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് അയല്‍വാസിയും ബന്ധുവുമായ അശോകൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.'സന്ധ്യ അധികം ആരോടും സംസാരിക്കുന്ന ആളല്ല. കുട്ടികളെ ടോർച്ചുകൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്‌ക്രീമില്‍ വിഷം കലർത്തി കുഞ്ഞിനെ നേരത്തെയും കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതുകണ്ട് പേടിച്ച്‌ സന്ധ്യയെയും മക്കളെയും സ്വന്തം വീട്ടില്‍ കൊണ്ടാക്കി. അന്ന് പൊലീസിലും പരാതി നല്‍കിയിരുന്നു. അവർ കൗണ്‍സലിംഗിന് വിട്ടു. സന്ധ്യയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ അമ്മയുടെയും സഹോദരിയുടെയും പെരുമാറ്റത്തില്‍ സംശയമുണ്ട്'- എന്നാണ് അശോകൻ വെളിപ്പെടുത്തിയത്.

Vartha Malayalam News - local news, national news and international news.