യുപിയില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബാധ

ഉത്തര്‍പ്രദേശിലെ കാൻപുരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി റിപ്പോര്‍ട്ട്.

തലസേമിയ രോഗബാധയെ തുടര്‍ന്നാണ് കുട്ടികള്‍ രക്തം സ്വീകരിച്ചത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവ് ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട്. കാൻപുരില ലാല ലജ്പത് റായ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

180 തലസേമിയ രോഗികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ചത്. സ്വകാര്യ, ജില്ലാ ആശുപത്രികളില്‍നിന്ന് 14 കുട്ടികളും രക്തം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും സ്ഥിരീകരിച്ചത്. ആറ് - 16 വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴു പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ചു പേര്‍ക്ക് ഹെപറ്റൈറ്റിസ് സിയും രണ്ടു പേര്‍ക്ക് എച്ച്‌ഐവിയുമാണ് സ്ഥിരീകരിച്ചതെന്ന് ലാല ലജ്പത് റായ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവിയും നോഡല്‍ ഓഫിസറുമായ ഡോ. അരുണ്‍ ആര്യ അറിയിച്ചു.

Vartha Malayalam News - local news, national news and international news.