വൈദികനെ നിർബന്ധിച്ച്‌ 'ജയ് ശ്രീം റാം' വിളിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം

തെലങ്കാനയിലെ സ്കൂളില്‍ തീവ്രഹിന്ദുത്വവാദികള്‍ വൈദികനെ നിർബന്ധിച്ച്‌ 'ജയ് ശ്രീം റാം' വിളിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അല്‍മായ മുന്നേറ്റം.

ആദിലാബാദിലെ മദർ തെരേസ സ്കൂളിലായിരുന്നു സംഭവം. സ്കൂള്‍ മാനേജർ കൂടിയായ വൈദികനെയാണ് നിർബന്ധിച്ച്‌ ജയ് ശ്രീം റാം വിളിപ്പിച്ചത്. ഉത്തരേന്ത്യയില്‍നിന്ന് പുറപ്പെട്ട ക്രിസ്ത്യാനോഫോബിയ കേരളത്തിന് തൊട്ടടുത്ത് തെലങ്കാനവരെ എത്തിയിരിക്കുന്നവെന്നത് ഭീതിയോടെയും കനത്ത അമർഷത്തോടെയുമാണ് വിശ്വാസികള്‍ കാണുന്നതെന്നും അല്‍മായ മുന്നേറ്റം അഭിപ്രായപ്പെട്ടു. 

യൂണിഫോം നിർബന്ധമായ സ്കൂളാണ് ഇത്. ഇവിടെ ഹനുമാൻ ദീക്ഷയോടനുബന്ധിച്ച്‌ കാവി വസ്ത്രം ധരിച്ച്‌ സ്കൂളില്‍ വരുന്നതിന് മാതാപിതാക്കളുടെ അപേക്ഷ വേണമെന്ന് പറഞ്ഞതിനെ തുടർന്ന് പുലർച്ചെ സ്കൂളിന് മുന്നില്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. 

സ്കൂള്‍ മാനേജരായ വൈദികനെ കയ്യേറ്റംചെയ്യുകയും കാവി ഷാള്‍ അണിയിച്ച്‌ ജയ് ശീറാം വിളിപ്പിക്കുകയും ചെയ്തു. വൈദികനെ സ്കൂള്‍ ടെറസിന് മുകളില്‍ കയറ്റി നിർത്തി മാപ്പുപറയിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.

കൂടാതെ, സ്കൂളില്‍ ജോലിചെയ്യാനെത്തിയ കന്യാസ്ത്രീകളെ, കന്യാസ്ത്രീവേഷത്തില്‍ സ്കൂളില്‍ കയറ്റില്ലെന്ന് നിർബന്ധം പിടിച്ചതിനെ തുടർന്ന് അവർ തിരിച്ചു പോയതായും അല്‍മായ മുന്നേറ്റം ആരോപിച്ചു

Vartha Malayalam News - local news, national news and international news.