അരിക്കുളം കുരുടിമുക്കില്‍ എടിഎമ്മില്‍ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തില്‍ വൻ ട്വിസ്റ്റ് .കാറിൽ കെട്ടിയിട്ട് പണം തട്ടിയെടുത്തു എന്ന കേസില്‍ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ ദിവസമാണ് കുരുടിമുക്കിൽ വച്ച് കണ്ണില്‍ മുളകു പൊടി വിതറിയ ശേഷം ബന്ദിയാക്കി പണം കവർന്നുവെന്ന പരാതി പോലീസിന് ലഭിക്കുന്നത്.
ഇന്ത്യ വണ്‍ എടിഎം കൗണ്ടറുകളില്‍ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കില്‍ വച്ച് കവർച്ച നടന്നുവെന്നാണ് സുഹൈല്‍ എന്ന യുവാവ് പൊലീസിന് നൽകിയ പരാതി . സുഹൈലിനെ കാറില്‍ കെട്ടിയിട്ട നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്.എന്നാൽ മൊഴികളിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് കണ്ടെത്തിയത്. പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തായ മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. താഹയില്‍ നിന്നും കാണാതായ 37 ലക്ഷം രൂപയും കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എടിഎമ്മില്‍ നിറയ്ക്കാനായി 72,40,000 രൂപയുമായാണ് സുഹൈല്‍ കൊയിലാണ്ടിയിലെ ഫെഡറല്‍ ബാങ്കില്‍ നിന്ന് പോയത്. പയ്യോളിയിലേക്കുള്ള യാത്രയ്ക്കിടെ പർദ്ദ ധരിച്ച ഒരാള്‍ വണ്ടിയുടെ മുന്നിലേക്ക് വീണുവെന്നും വാഹനം നിർത്തിയപ്പോള്‍മറ്റൊരാള്‍ ആക്രമിച്ചുവെന്നും ആയിരുന്നു സുഹൈല്‍ പൊലീസിനു നല്‍കിയ മൊഴി. യുവാവിന്റെ മൊഴിയില്‍ തുടക്കം മുതല്‍ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു. ഈ വൈരുധ്യത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്‍ തന്നെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായത്.
നേരത്തെ എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 25 ലക്ഷം രൂപ രണ്ടുപേര്‍ ചേര്‍ന്ന തന്നെ കാറില്‍ കെട്ടിയിട്ട ശേഷം കവര്‍ന്നു എന്നായിരുന്നു ഏജൻസി ജീവനക്കാരനായ സൂഹൈല്‍ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്.കേസ് ഒതുങ്ങിക്കഴിഞ്ഞു പണം സ്വന്തമാക്കാമെന്ന ധാരണയിലായിരുന്നു കവര്‍ച്ച പദ്ധതിയിട്ടത്. രണ്ട് പേർ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു ഇയാളെ നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാല്‍ വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോര്‍ അടച്ചിട്ടില്ലെന്നുമുള്ള ദൃക്സാക്ഷി മൊഴികളും നിര്‍ണായകമായി. കുരുടിമുക്കില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താൻ പൊലീസിനും സാധിച്ചില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നില്ല.
കാറില്‍ രണ്ടുപേർ കയറിയ ഉടനെ തന്നെ മർദിച്ച് ബോധരഹിതനാക്കി എന്നും ബോധം പോയതിനാല്‍ ഒന്നും ഓർമയില്ലെന്നും കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണംകവർന്നതെന്നും സൂഹൈല്‍ പറഞ്ഞിരുന്നു . സുഹൈലിന്റെ മൊഴികളില്‍ നിരവധി വൈരുധ്യങ്ങളുണ്ടായിരുന്നു. അപ്പോള്‍ തന്നെ സംഭവം വ്യാജമാണെന്ന നിഗമനത്തിലായിരുന്ന പൊലീസ്. 25ലക്ഷം നഷ്ടമായെന്ന് സുഹൈല്‍ പറയുമ്ബോള്‍, 75 ലക്ഷം പോയെന്നായിരുന്നു ഏജൻസി വ്യക്തമാക്കിയത്. ഈ വൈര്യുദ്ധ്യങ്ങളെല്ലാം ചേര്‍ന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.