അര്‍ബന്‍ മൊബിലിറ്റി ഇന്ത്യയുടെ പതിനേഴാമത് കോണ്‍ഫറന്‍സില്‍ പൊതുഗതാഗത സംവിധാനത്തില്‍ മികവ് തെളിയിച്ച നഗരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഭവന, നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള അംഗീകാരം ഭുവനേശ്വറിനും ഏറ്റവും മികച്ച സുസ്ഥിര ഗതാഗത സംവിധാനത്തിനുള്ള അവാര്‍ഡ് കൊച്ചിക്കും ലഭിച്ചു. മികച്ച മോട്ടോർ ഗതാഗത സംവിധാനത്തിനുള്ള അവാർഡ് ഇക്കുറി ശ്രീനഗറിനാണ് ലഭിച്ചത്.
മികച്ച സുരക്ഷാ സംവിധാനത്തിനുള്ള പുരസ്‌കാരം ഗാന്ധിനഗറിനും മികച്ച ഇന്റലിജന്റ് ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം സൂറത്തിനും ലഭിച്ചു. പണത്തിൻ്റെ കൈകാര്യം നൂതനമായ രീതിയിൽ ചെയ്യുന്നതിനുള്ള അംഗീകാരം ജമ്മുവിന് ലഭിച്ചു. പൊതുജന പങ്കാളിത്തത്തില്‍ ഗതാഗതത്തില്‍ ബെംഗളൂരു മികച്ചുനിന്നു. മെട്രോ റെയിലിലെ മികച്ച മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷനുള്ള അവാര്‍ഡും ബെംഗളൂരുവിനാണ് ലഭിച്ചത്. മികച്ച യാത്രാ സേവനങ്ങള്‍ മെട്രോ റെയിലില്‍ നല്‍കിയതിന് മുംബൈയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.