ഫുഡ് ഡെലിവറി ജീവനക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ വേഷം മാറിയെത്തിയ സി ഇ ഓ യ്ക്ക് കിട്ടിയത് കയ്പ്പേറിയ അനുഭവം.ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സോമറ്റോയുടെ സിഇഒ ദീപീന്ദർ ഗോയലാണ് തനിക്കുണ്ടായ ദുരനുഭവം പുറത്തുവിട്ടത്.ദീപീന്ദർ കഴിഞ്ഞ ദിവസം ഡെലിവറി ഏജൻ്റായി ജോലി ചെയ്ത വാർത്ത ശ്രദ്ധ നേടിയിരുന്നു, ഭാര്യ ഗ്രേഷ്യ മുനോസിനൊപ്പമായിരുന്നു അദ്ദേഹം ഭക്ഷണം വിതരണം ചെയ്യാൻ പോയത്. ഏജന്റായി ജോലി ചെയ്യുന്ന സമയത്ത് ഭക്ഷണ വിതരണത്തിനായി അദ്ദേഹം ഗുഡ്ഗാവ് മാളില്‍ എത്തി. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാർ മാളില്‍ പ്രവേശിക്കാൻ അനുവദിച്ചില്ല.വേണമെങ്കിൽ പിൻവാതിലില്‍ കൂടി പൊക്കോളൂ എന്നാണ് അവർ പറഞ്ഞത്.ലിഫ്റ്റൊ എക്‌സലേറ്ററോ ഉപയോഗിക്കാൻ സമ്മതിച്ചില്ല എന്നും സ്റ്റെപ്പ് വഴി പോയാൽ മതിയെന്നും പറഞ്ഞതായി സൊമാറ്റോ സിഇഒ പറഞ്ഞു. സൊമാറ്റോ ഡെലിവറി ബോയിയുടെ ചുവന്ന യൂണിഫോമില്‍ പ്രധാന വാതിലിലൂടെ പ്രവേശനം സാധ്യമല്ല എന്നും ദീപീന്ദർ പറഞ്ഞു. ഇതിന്റെ ഒരു വീഡിയോയും ഇൻസ്റ്റാഗ്രാമില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.മൂന്നാം നിലയില്‍ സ്റ്റെപ്പ് കയറി എത്തിയപ്പോള്‍ അഭിമുഖീകരിച്ചത് അതിലും ദയനീയമായ കാര്യമായിരുന്നു. ഡെലിവറി പങ്കാളികള്‍ക്ക് മാളില്‍ പ്രവേശിക്കാൻ കഴിയില്ല. ഓർഡറുകള്‍ സ്വീകരിക്കാൻ ഗോവണിപ്പടിയില്‍ കാത്തിരിക്കണമെന്നും സൊമാറ്റോ സിഇഒ പറയുന്നു.
ഫുഡ് ഓർഡർ എടുക്കാൻ കാത്തിരിക്കുന്ന മറ്റ് ഡെലിവറി ബോയ്‌സിനൊപ്പം നിലത്തിരുന്ന് അവരുമായി സംസാരിക്കുന്ന ചെയ്യുന്ന ഗോയലിൻ്റെ ചിത്രം ഇതിനകം വൈറലായിട്ടുണ്ട് .സംഗതി സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയതോടെ ശക്തമായ പ്രതികരണങ്ങളാണ് വരുന്നത്. ഡെലിവറി ജീവനക്കാർക്ക് മാന്യമായി ജോലി ചെയ്യാൻ ആവശ്യമായ സഹായങ്ങള്‍ എത്രയും വേഗം ഒരുക്കണമെന്നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിനോട് നെറ്റിസണ്‍സ് പ്രതികരിക്കുന്നത്. എല്ലാ ഡെലിവറി പങ്കാളികളുടെയും ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ മാളുകളുമായുള്ള ബന്ധം മികച്ചതാക്കണമെന്നു ഞാൻ മനസിലാക്കി എന്നും ഡെലിവറി പങ്കാളികളോട് മാളുകള്‍ കൂടുതല്‍ മാനുഷികമായി പെരുമാറേണ്ടതുണ്ട് എന്നും സൊമാറ്റോ സിഇഒ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു. ഈ പ്രശ്നത്തില്‍ ഉടനെ പരിഹാരം കാണുമെന്ന് സൊമാറ്റോ സിഇഒ പറഞ്ഞതാണ് ജീവനക്കാർക്ക് ഇപ്പോഴുള്ള ആശ്വാസം.