കേജ്രിവാളിനെ വീഴ്ത്തിയ പുലി പർവേശ് ആരാണ്???

ന്യൂ ഡൽഹി :ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ ബി.ജെ.പി.ക്കിത് ചരിത്രവിജയം. പതിറ്റാണ്ടിലേറെ കാലം കോണ്‍ഗ്രസും പിന്നീട് ആംആദ്മി പാർട്ടിയും കൈവശംവെച്ചിരുന്ന മണ്ഡലമാണ് പർവേശ് സാഹിബ് സിങ് വർമയിലൂടെ ബി.ജെ.പി.തിരിച്ചുപിടിച്ചത്. അതും മുൻ മുഖ്യമന്ത്രിയും ആംആദ്മി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ വീഴ്ത്തിക്കൊണ്ട്.

ഡല്‍ഹിയില്‍ കാല്‍നൂറ്റാണ്ടിന് ശേഷം ബി.ജെ.പി. വമ്ബൻ തിരിച്ചുവരവ് നടത്തിയപ്പോള്‍ ഏറെ തിളക്കമുള്ള വിജയമാണ് പർവേശ് വർമയുടേത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ആംആദ്മിയുടെ നേതാവ് അരവിന്ദ് കെജ്രിവാളും മുൻ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതുമായിരുന്നു പർവേശ് വർമയുടെ എതിർസ്ഥാനാർഥികള്‍. ഒടുവില്‍ ഫലം പുറത്തുവന്നപ്പോള്‍ ആംആദ്മിയുടെ 'വന്മരം' സാക്ഷാല്‍ കെജ്രിവാളിനെതിരേ പർവേശ് വർമ അട്ടിമറിജയം നേടുകയായിരുന്നു. 4089 വോട്ടുകള്‍ക്കാണ് പർവേശ് വർമ കെജ്രിവാളിനെ തറപറ്റിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥിയായ സന്ദീപ് ദീക്ഷിത് നേടിയ 4568 വോട്ടുകളും ബി.ജെ.പി. വിജയത്തില്‍ നിർണായകമായി.

ഡല്‍ഹി മുൻമുഖ്യമന്ത്രിയും മുതിർന്നബി.ജെ.പി. നേതാവുമായിരുന്ന സാഹിബ് സിങ് വർമയുടെ മകനാണ് 47-കാരനായ പർവേശ് വർമ. എം.ബി.എ. ബിരുദധാരിയായ അദ്ദേഹം 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി.യില്‍ സജീവമാകുന്നത്. 2013-ല്‍ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ പർവേശ് വർമ അതേവർഷം മെഹ്രൗളി മണ്ഡലത്തില്‍നിന്ന് ബി.ജെ.പി. ടിക്കറ്റിലേക്ക് മത്സരിക്കുകയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു. 2014-ല്‍ ഡല്‍ഹി വെസ്റ്റില്‍നിന്ന് അദ്ദേഹം ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ ഡല്‍ഹിയിലെ ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായി പർവേശ് വർമ വീണ്ടും വെസ്റ്റ് ഡല്‍ഹിയില്‍നിന്ന് എം.പി.യായി.

2025-ലെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തിലാണ് പർവേശ് വർമ ബി.ജെ.പി.ക്കായി ഗോദയിലിറങ്ങിയത്. ആംആദ്മി കണ്‍വീനർ അരവിന്ദ് കെജ്രിവാവാളിനെ നേരിടാൻ പർവേശ് വർമ എന്ന കരുത്തനെ തന്നെ ബി.ജെ.പി.കളത്തിലിറക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കെജ്രിവാളിനെ പരാജയപ്പെടുത്തി പർവേശ് വർമ കരുത്ത് തെളിയിച്ചു.ഡല്‍ഹിയില്‍ ബി.ജെ.പി. മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ സാധ്യതകല്‍പ്പിക്കപ്പെടുന്നത് പർവേശ് വർമയ്ക്കാണ്. എന്നാല്‍, മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എല്ലാം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടാല്‍ അത് നിറവേറ്റുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും മുൻപേ പർവേശ് വർമ ഇത്തവണ ന്യൂഡല്‍ഹി മണ്ഡലത്തില്‍ സജീവമായിരുന്നു. മണ്ഡലത്തിലെ ചേരികള്‍ സന്ദർശിച്ച്‌ അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. പലർക്കും സൗജന്യ വെള്ളമോ വൈദ്യുതിയോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ആർക്കെങ്കിലും ശുദ്ധമായ വെള്ളവും സൗജന്യ വൈദ്യുതിയും ലഭിക്കുന്നുണ്ടെങ്കില്‍ അവരെല്ലാം കെജ്രിവാളിന് വോട്ട് ചെയ്തോളൂ എന്നായിരുന്നു പ്രചാരണവേളയില്‍ പർവേശ് വർമ പറഞ്ഞത്. യമുനയെ സബർമതി നദീതീരത്തിന് സമാനമാക്കി മാറ്റും, ചേരിനിവാസികള്‍ക്ക് വീടുകള്‍ നല്‍കും.50,000 സർക്കാർ ജോലികള്‍, ഫ്ളൈഓവറുകള്‍, മലിനീകരണമില്ലാത്ത ഡല്‍ഹി എന്നിവയെല്ലാമായിരുന്നു പർവേശ് വർമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

Vartha Malayalam News - local news, national news and international news.