ട്രെയിൻ എത്തിയതോടെ പാളത്തില്‍ തലവെച്ച്‌ കിടന്നു; മരിക്കുന്നതിന് തൊട്ടുമുമ്ബും ഫോണില്‍ സംസാരിച്ചു; തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ട്രെയിൻ എത്തിയതോടെ പാളത്തില്‍ തലവെച്ച്‌ കിടന്നു; മരിക്കുന്നതിന് തൊട്ടുമുമ്ബും ഫോണില്‍ സംസാരിച്ചു; തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘയെ ഇന്നലെ രാവിലെയാണ് പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഇതിനെ സാധൂകരിക്കുന്ന മൊഴിയാണ് ലോക്കോപൈലറ്റും നല്‍കിയിട്ടുള്ളത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെയാണ് യുവതി വിമാനത്താവളത്തില്‍ നിന്നിറങ്ങിയത്.

തിരുവനന്തപുരത്തേക്ക് വരിയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് മേഘയെ ഇടിച്ചത്. ഫോണില്‍ സംസാരിച്ച്‌ ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച്‌ കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നല്‍കിയ വിവരം.

ഐ.ബി ഉദ്യോഗസ്ഥയായതിനാല്‍ പേട്ട പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവ സമയം ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നും പരിശോധിക്കും. ട്രെയിൻ തട്ടി ഫോണ്‍ പൂർണമായി തകർന്നതിനാല്‍ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ മധുസൂദനന്റെയും നിഷയുടെയും ഏക മകളാണ് ഇരുപത്തഞ്ചുകാരിയായ മേഘ. പിതാവ് മധുസൂദനൻ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പലാണ്. പാലക്കാട് കളക്ടറേറ്റ് ജീവനക്കാരിയാണ് മാതാവ് നിഷ.

പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കില്‍ ഇന്നലെ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഒഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാർഡ് കണ്ടത്തിയിരുന്നു.

Vartha Malayalam News - local news, national news and international news.