മലപ്പുറം: അൺ എയിഡഡ് സ്കൂളിലെ പ്യൂണാണ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയത് എന്ന് പോലിസിൻ്റെ കണ്ടെത്തൽ. പോലിസിൻ്റെ ഈ കണ്ടെത്തലിനെ തുടർന്ന് മലപ്പുറം സ്വദേശിയായ അബ്ദുൾ നാസറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. എംഎസ് സൊല്യൂഷ്യൻസ് അധ്യാപകൻ ഫഹദിന് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
അബ്‌ദുൾ നാസർ നിലവിൽ ജോലി ചെയ്യുന്ന വിദ്യാലയത്തിൽ ആയിരുന്നു ഫഹദ് മുൻപ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് പോലിസിന് ലഭിച്ച വിവരം. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറിന് സാമ്യമുള്ള ചോദ്യങ്ങളായിരുന്നു എംഎസ് സൊല്യൂഷ്യൻസിൻറെ യൂട്യൂബ് ചാനലിൽ വന്നിരുന്നത്. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ ഉണ്ടായ ആരോപണങ്ങൾ ഉയർന്നതിന് ശേഷം എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽകാലികമായി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
എം എസ് സൊലൂഷ്യൻ ഉടമ എംഎസ് ഷുഹൈബ് ചോദ്യപേപ്പർ ചോർത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പത്താം ക്ലാസിൻ്റെ രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്നതായായിരുന്നു പരാതി. ആകെ 40 മാർക്കിന്റെ ചോദ്യങ്ങളിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷൻസിന്റെ യൂട്യൂബ് ചാനലിൽ വന്നതായി പരാതി ഉണ്ടായിരുന്നു.