കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോയില്‍ പതിനാറുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിച്ച പ്രതി പിടിയിലായി.

ദാമോ സ്വദേശിയായ ഗുഡ്ഡ പട്ടേല്‍ (46) ആണ് പൊലിസിന്റെ പിടിയിലായത്. ഭരത് വിശ്വകർമ്മ എന്ന 16 വയസ്സുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് സംഭവം. സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ഭരത്. എന്നാല്‍ വഴിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതിയായ ഗുഡ്ഡ പട്ടേല്‍. പിന്നാലെ ഇരുമ്പ് വടി ഉപയോഗിച്ച്‌ ഭരതിനെ പിന്നില്‍ നിന്ന് അടിച്ചു വീഴ്ത്തി. നിലത്തു വീണ കുട്ടിയെ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.

അടിയേറ്റ് അലറി കരയുന്ന കുട്ടിയുടെ ശബ്ദം കേട്ട് ഗ്രാമവാസികള്‍ ഓടിക്കൂടുകയായിരുന്നു. കൊല്ലപ്പെട്ട ഭരതിന്റെ ശരീരത്തില്‍ നിന്ന് പ്രതി മാംസം ഭക്ഷിക്കുന്നതും രക്തം കുടിക്കുന്നതും കണ്ടതോടെ പ്രദേശവാസികള്‍ അമ്പരന്നു. ഉടൻ തന്നെ ഗ്രാമവാസികള്‍ ഇയാളെ കീഴ്പ്പെടുത്തുകയും പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു.

പിടിയിലായ ഗുഡ്ഡ പട്ടേല്‍ എന്നയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്ന് പൊലിസ് വ്യക്തമാക്കി. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇയാള്‍. എന്നാല്‍ കഴിഞ്ഞ ജനുവരിയിലാണ് ജയില്‍ മോചിതനായത്.

പ്രതിക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക വൈകല്യങ്ങളുണ്ടോ എന്ന കാര്യവും പൊലിസ് പരിശോധിച്ചു വരികയാണ്. കൃത്യമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കും എന്ന് പൊലിസ് വക്താവ് അറിയിച്ചു. നിലവില്‍ പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധവും ഭീതിയും നിലനില്‍ക്കുന്നതായും റിപ്പോർട്ടുകള്‍ പുറത്ത് വരുന്നു.

Vartha Malayalam News - local news, national news and international news.