സംസ്കാരത്തിനായി യാത്ര, ആംബുലൻസ് ഹമ്പിൽ കയറിയപ്പോൾ 'മരിച്ചയാൾ' സംസാരിച്ചു; വീണ്ടും ആശുപത്രിയിലേക്ക്

ബെംഗളൂരു: മരിച്ചുവെന്ന് കരുതി സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടെ 65-കാരൻ പെട്ടെന്ന് ശ്വാസമെടുത്തു സംസാരിച്ചതോടെ ബന്ധുക്കൾ ഞെട്ടി. ബാഗൽകോട്ട് ജില്ലയിലെ ജമാകാന്തിയിലാണ് അപൂർവമായ സംഭവം ഉണ്ടായത്.

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് മുബാറക്കിനെ ബെളഗാവിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഇയാൾ മരണപ്പെട്ടതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനായി മൃതദേഹം ആംബുലൻസിൽ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇതിനിടെ ലോകപുരയ്ക്കടുത്ത് റോഡിലെ ഹമ്പിൽ ആംബുലൻസ് കയറിയപ്പോൾ വാഹനം കുലുങ്ങി. അതിനിടെ മുബാറക്ക് പെട്ടെന്ന് ശ്വാസമെടുക്കുകയും സംസാരിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.

സംഭവം കണ്ട ബന്ധുക്കൾ ഉടൻ തന്നെ ഇയാളെ വിജയപുരയിലെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അവിടെ ചികിത്സയിൽ കഴിയുകയാണ്.

Vartha Malayalam News - local news, national news and international news.