താളൂരില്‍ സ്ഥാപിച്ച സ്വാഗത ബോര്‍ഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴര്‍ പാര്‍ട്ടി; അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ

സുല്‍ത്താൻ ബത്തേരി: കേരള - തമിഴ്നാട് അതിർത്തിയായ താളൂരില്‍ അതിർത്തി നിർണ്ണയത്തെച്ചൊല്ലി വീണ്ടും തർക്കം രൂക്ഷമാകുന്നു.

കേരളം പുതുതായി സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്നാടിന്റെ ഭൂമിയിലാണെന്ന് ആരോപിച്ച്‌ 'നാം തമിഴർ പാർട്ടി' രംഗത്തെത്തി.ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി അതിർത്തിയില്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലിസിനെ വൻതോതില്‍ വിന്യസിച്ചിട്ടുണ്ട്.

സുല്‍ത്താൻ ബത്തേരി - താളൂർ റോഡിന്റെ നവീകരണം പൂർത്തിയായതിനോടനുബന്ധിച്ചാണ് തർക്കം ഉടലെടുക്കുന്നത്. യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് കേരളം സ്ഥാപിച്ച ബോർഡാണ് പുതിയ തർക്കങ്ങള്‍ക്ക് വഴിവെച്ചത്. ഈ ബോർഡ് തങ്ങളുടെ പരിധിയിലാണെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്. കേരളം സ്ഥാപിച്ച ബോർഡ് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ് രാഷ്ട്രീയ സംഘടനകളും ഉദ്യോഗസ്ഥരും രംഗത്തെത്തി. ബോർഡ് നീക്കം ചെയ്യാൻ എത്തിയ നാം തമിഴർ പാർട്ടി പ്രവർത്തകരെ കേരള പൊലിസ് തടഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്.

താളൂർ അതിർത്തിയിലെ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കം ദീർഘനാളായി നിലനില്‍ക്കുന്നതാണ്. കേരളം ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് വർഷങ്ങള്‍ക്ക് മുൻപ് തമിഴ്നാട് സർക്കാർ സ്ഥാപിച്ച രണ്ട് ബോർഡുകള്‍ ഇപ്പോഴുമുണ്ട്. ഈ ബോർഡുകള്‍ മാറ്റുന്നതിനെക്കുറിച്ച്‌ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ പലതവണ ചർച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. നിലവില്‍ അതിർത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ സർവ്വേ നടത്തി അതിർത്തി കൃത്യമായി നിർണ്ണയിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Vartha Malayalam News - local news, national news and international news.