വെല്‍കം ഹോം'; ഭൂമിയില്‍ തിരിച്ചെത്തി സുനിത വില്യംസും ബുച്ചും, മടക്കം 9 മാസങ്ങള്‍ക്ക് ശേഷം

ഒടുവില്‍ 9 മാസങ്ങള്‍ക്ക് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ നിത വില്യംസും ബുച്ച്‌ വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.27 ഓടെയാണ് ഇരുവരും ഉള്‍പ്പെടുന്ന ദൗത്യ സംഘത്തെ വഹിച്ച ഡ്രാഗണ്‍ ക്രൂ-9 പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ പതിച്ചത്. സുനിതയേയും ബുച്ചിനേയും കൂടാതെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരാണ് പേടകത്തില്‍ ഉണ്ടായിരുന്നത്.

നീണ്ട 17 മണിക്കൂർ യാത്രക്ക് ശേഷമാണ് സുനിതയും സംഘവും ഭൂമിയില്‍ എത്തിയത്. നാല് പേരേയും വഹിച്ചുള്ള സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു ബഹിരാകാശനിലയവുമായി ബന്ധം വേർപ്പെടുത്തി ഭൂമിയിലേക്ക് തിരിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെ 2.51 ഓടെ ഡീഓർബിറ്റങ് പ്രക്രിയ നടന്നു. പിന്നാലെ വേഗം കുറച്ച്‌ പേടകം ഭൂമിയിടെ അന്തരീക്ഷത്തിലേക്ക് കടക്കുകയും മെക്സിക്കൻ ഉള്‍ക്കടലില്‍ പതിക്കുകയും ചെയ്തു. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പല്‍ ആണ് പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്ക് എത്തിക്കുക.

അതേസമയം പേടകത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സുനിതയേയും ബുച്ചിനേയും ആദ്യം എത്തിക്കുക ടെക്സസിലെ ഹൂസ്റ്റണിലുളള നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിലാണ്. ഇവിടെ വെച്ച്‌ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഗുരുത്വാകർഷണമില്ലാതെയാണ് ഇരുവരും കഴിഞ്ഞ 287 ദിവസം ബഹിരാകാശത്ത് കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഭൂമിയുടെ ഗുരുത്വാകർഷണവത്തിലേക്ക് തിരികെ എത്തുമ്ബോള്‍ അതിനോട് പൊരുത്തപ്പെടാൻ ഇവർക്ക് ഏറെ സമയമെടുക്കും.

ബഹിരാകാശത്ത് നേരിട്ടത്തിനേക്കാള്‍ വലിയ വെല്ലുവിളിയായിരിക്കും വരും ദിവസങ്ങളില്‍ ബുച്ചും സുനിതയും നേരിട്ടേക്കുക. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഇരുവർക്കും ഉണ്ടായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഗുരുത്വാകർഷണബലത്തിന്റെ അഭാവം കാരണം പേശികളുടേയും അസ്ഥികളുടേയും സാന്ദ്രത ഗണ്യമായി കുറഞ്ഞേക്കും. അസ്ഥികള്‍ക്ക് പെട്ടെന്ന് ഒടിവ് സംഭവിക്കാൻ ഇത് കാരണമായേക്കും. മറ്റൊന്ന് ഗുരുത്വാകർഷണം ഇല്ലാത്തതിനാല്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ ശരീരത്തിന്‍റെ മുകള്‍ ഭാഗത്തേക്ക് സഞ്ചരിക്കും. ഇത് മുഖം വീർക്കാനും തലയോട്ടിയിലെ മർദ്ദം വർധിക്കാനും കാരണമാകും. കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥ തന്നെ ഉണ്ടായേക്കാം.

ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഇവർ അനുഭവിച്ചേക്കാം. ബഹിരാകാശത്ത് കൂടുതല്‍ കഴിഞ്ഞത് മൂലമിള്ള ഏറ്റവും വലിയ അപകടങ്ങളിലൊന്ന് കോസ്മിക് വികിരണങ്ങളാണ്. വലിയ തോതില്‍ കോസ്മിക് വികിരണങ്ങള്‍ക്ക് വിധേയരാകുന്നത് ഡിഎൻഎയ്ക്ക് കേടുപാടുകള്‍ ഉണ്ടാക്കും. കൂടാതെ കാൻസറിനുള്ള സാധ്യതയും കൂട്ടും. ശാരീരിക പ്രശ്നങ്ങള്‍ക്കൊപ്പം മാനസിക പ്രശ്നങ്ങളും ഇരുവരേയും അലട്ടിയേക്കാം. ഇതെല്ലാം കൊണ്ടുതന്നെ ഇരുവരേയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കടുത്ത വ്യായമ മുറകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വിധേയമാക്കിയേക്കും.

Vartha Malayalam News - local news, national news and international news.