പുതിയ ക്രിക്കറ്റ് അക്കാദമി ഇനി ഇടുക്കിക്കും സ്വന്തം.

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമികള്‍ നവീകരണത്തിൻ്റെ പാതയില്‍.എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് നവീകരണത്തിൻ്റെ തീരുമാനം. ഇടുക്കിയില്‍ പുതിയ സ്റ്റേറ്റ് ബോയ്സ് അക്കാദമി ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.

ഈ മാസം അക്കാദമിയിലേയ്ക്കുള്ള ജില്ലാതല സെലക്ഷന്‍ ആരംഭിക്കും.

കൂടാതെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ വിവിധ പദ്ധതികളും നടപ്പാക്കാൻ യോഗത്തില്‍ തീരുമാനമായി. കൊല്ലം ഏഴുകോണില്‍ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിർമ്മാണോദ്ഘാടനം മെയ് മാസം നടക്കും.ഫ്ലഡ് ലൈറ്റ് സൗകര്യത്തോട് കൂടിയ തിരുവനന്തപുരം-മംഗലാപുരം സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം, ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ട് രണ്ടാം ഘട്ട നിര്‍മ്മാണോദ്ഘാടനം എന്നിവ ജൂലൈ മാസം നടക്കും. വയനാട് വനിതാ അക്കാദമി പുതിയ കെട്ടിട സമുച്ചയം, പാലക്കാട് ചാത്തൻകുളങ്ങര ദേവി ക്ഷേത്രവുമായി സഹകരിച്ച്‌ സ്പോർട്സ് ഹബ്,കോട്ടയം സി.എം.എസ് കോളേജ് ഗ്രൗണ്ട് സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും.

ജനറല്‍ ബോഡിയോഗത്തില്‍ പത്തനംതിട്ട, എറണാകുളം, ത്രിശൂർ, കോഴിക്കോട് ജില്ലകളില്‍ സ്റ്റേഡിയം നിർമാണത്തിനുള്ള സ്ഥലങ്ങള്‍ വാങ്ങാനും, സംസ്ഥാന സ്പോർട്സ് കൗണ്‍സിലുമായി സഹകരിച്ച്‌ മൂന്നാർ ഹൈ അള്‍ട്ടിട്യൂഡ് സെന്‍ററില്‍ ക്രിക്കറ്റ് ഉള്‍പ്പടെ മറ്റു കായിക ഇനങ്ങളുടെ ട്രെയിനിങ് സെന്‍റർ ആരംഭിക്കുവാനുള്ള ചർച്ചകള്‍ നടത്താനും തീരുമാനമായി.

Vartha Malayalam News - local news, national news and international news.