ന്യൂഡൽഹി : മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്ക് എതിരെ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന രാപകല്‍ സമരം ഇന്ന് തുടങ്ങും. എല്‍ഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാർലമെന്റിന് മുന്നിലാണ് സമരം.
രാവിലെ ഒമ്ബതോടെ കേരളാഹൗസില്‍നിന്ന് പാർലമെന്റിന് മുന്നിലേക്ക് പ്രതിഷേധജാഥ നടത്തും. അഖിലേന്ത്യാ കിസാൻ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. എംപിമാരായ ജോണ്‍ബ്രിട്ടാസ്, വി ശിവദാസൻ, സിപിഐ നേതാവ് ആനിരാജ തുടങ്ങിയവർ സംസാരിക്കും. എല്‍ഡിഎഫ് എംപിമാരും ദേശീയ നേതാക്കളും അഭിസംബോധന ചെയ്യും.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും ഐക്യദാർഢ്യം പ്രഖ്യാപിക്കും. പ്രധാനമന്ത്രിക്ക് എംപിമാർ മുഖേന വിശദമായ നിവേദനം കൈമാറുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി 2000 കോടി രൂപ അടിയന്തരമായി അനുവദിക്കുക, വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ 1000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുക, 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവന്ന് ജനങ്ങളെ സംരക്ഷിക്കുക, വയനാട്ടിലെ രാത്രി ഗതാഗത വിലക്കുകള്‍ നീക്കുക, വയനാട്--നഞ്ചൻകോട്, തലശേരി-മൈസൂരു റെയില്‍വേ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുക, വനം-റവന്യു വകുപ്പ് സംയുക്ത സർവേ പൂർത്തിയാക്കി തദ്ദേശവാസികള്‍ക്ക് രേഖകള്‍ കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.