വോട്ടര്‍ പട്ടിക പുതുക്കല്‍ 2023: ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

ആകെ വോട്ടര്‍മാര്‍ - 873132

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി ജില്ലാ ഇലക്ഷന്‍ ഒബ്സര്‍വറും കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുമായ വെങ്കിടേഷ്പതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10 ന് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സംയുക്ത അവലോകന യോഗത്തില്‍ വെച്ചാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധിയായ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാറിന് ഇടുക്കി മണ്ഡലത്തിലെ വോട്ടര്‍പട്ടിക കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. 

2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ 8,73,132 വോട്ടര്‍മാരാണ് പട്ടികയില്‍ ഇടം പിടിച്ചത്. 2022 നവംബര്‍ 9 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 8,84,941 ആയിരുന്നു. 

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2022 നവംബര്‍ 9 മുതല്‍ 2022 ഡിസംബര്‍ 18 വരെയുള്ള സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ കാലയളവില്‍ നടന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയില്‍ മരണപ്പെട്ടവരും (9738) താമസം മാറിയവരും (8487) ഉള്‍പ്പെടെ ആകെ 18225 വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത്. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ കാലയളവില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് മരണപ്പെട്ടവരുടേത് ഉള്‍പ്പെടെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ചത്. 

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) അന്തിമ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ വോട്ടര്‍ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.



അന്തിമ വോട്ടര്‍ പട്ടികയിലെ സുപ്രധാന വിവരങ്ങള്‍:



ജില്ലയിലെ ആകെ വോട്ടര്‍മാര്‍ - 873132

ജില്ലയിലെ ആകെ സ്ത്രീ വോട്ടര്‍മാര്‍ - 442430

ജില്ലയിലെ ആകെ പുരുഷ വോട്ടര്‍മാര്‍ - 430696

ജില്ലയിലെ ആകെ ട്രാന്‍ജെന്‍ഡര്‍ വോട്ടര്‍മാര്‍ - 6

കൂടുതല്‍ വോട്ടര്‍മാരുള്ള താലൂക്ക് - തൊടുപുഴ (186032)

കുറവ് വോട്ടര്‍മാരുള്ള താലൂക്ക് - ഉടുമ്പന്‍ചോല (166903)

കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള താലൂക്ക് -തൊടുപുഴ (93796 )

കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്ള താലൂക്ക് -തൊടുപുഴ (3)

ജില്ലയിലെ ആകെ പ്രവാസി വോട്ടര്‍മാര്‍ - 319

പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള താലൂക്ക് - തൊടുപുഴ (181)

80 വയസിന് മുകളില്‍ പ്രായമുള്ള ആകെ വോട്ടര്‍മാര്‍ - 20157.

Vartha Malayalam News - local news, national news and international news.