Chandrayaan-3 Mission: രാജ്യം കാത്തിരുന്ന ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ശേഷം, ഇപ്പോഴിതാ ഇസ്രോ പേടകത്തിന്റെ നിലവിലെ സ്ഥാനം പങ്കിട്ടിരിക്കുകയാണ്. ചന്ദ്രയാൻ-3 ഇപ്പോൾ ഭൂമിക്ക് ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലുള്ള 41763 x 173 കിലോമീറ്റർ ഭ്രമണപഥത്തിൽ സഞ്ചരിക്കുകയാണ്.
ഇസ്രോ ശാസ്ത്രജ്ഞർ നിലവിൽ പേടകത്തിന്റെ ഭ്രമണപഥവുമായി ബന്ധപ്പെട്ട ഡാറ്റ വിശകലനം ചെയ്‌ത് വരികയാണ്. ചന്ദ്രയാൻ-3ന്റെ ആദ്യ ഭ്രമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ അറിയിച്ചു. ചന്ദ്രയാൻ-3 ഇപ്പോൾ സാധാരണ നിലയിലാണെന്ന് ഇസ്രോ സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ അറിയിച്ചു.
ലാൻഡറിൽ നിന്ന് പ്രൊപ്പൽഷൻ മൊഡ്യൂൾ വേർപെടുത്തും
ഈ നീണ്ട ഭ്രമണപഥങ്ങളിൽ അഞ്ച് ദിവസത്തിലധികം സഞ്ചരിച്ച ശേഷം, അതായത് ഓഗസ്‌റ്റ് 5-6 തീയതികളിൽ, ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്ന ഘട്ടത്തിലേക്ക് നീങ്ങും. തുടർന്ന് ചന്ദ്രയാൻ-3ന്റെ പ്രൊപ്പൽഷൻ സിസ്‌റ്റം ഓണാക്കും. തുടർന്ന് മുന്നോട്ട് നീങ്ങും. അതായത് ചന്ദ്രന്റെ 100 കിലോമീറ്റർ മുകളിലെ ഭ്രമണപഥത്തിലേക്കാണ് ഇത് നീങ്ങുക. ഓഗസ്‌റ്റ് 17ന്, ചന്ദ്രയാൻ-3ന്റെ ലാൻഡർ-റോവറിൽ നിന്ന് പ്രൊപ്പൽഷൻ സിസ്‌റ്റം വേർപെടും.
ഇതിലൂടെ വേഗത കുറയ്ക്കും, ലാൻഡിംഗും നടക്കും
പ്രൊപ്പൽഷൻ മൊഡ്യൂൾ വേർപെടുത്തിയ ശേഷം ലാൻഡറിനെ ചന്ദ്രന്റെ 100 x 30 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കും. ഇതിനായി ഡീബൂസ്റ്റിംഗ് നടത്തേണ്ടതുണ്ട്. അതായത് അതിന്റെ വേഗത കുറയ്ക്കണം. ഈ പ്രവൃത്തി ഓഗസ്‌റ്റ് 23ന് നടക്കും. ഇവിടെയാണ് ഇസ്രോ ശാസ്ത്രജ്ഞർ നേരിടുന്ന വെല്ലുവിളി. കാരണം ഇത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ലാൻഡിംഗ് നടപടികൾ ഇവിടെ മുതലാണ് ആരംഭിക്കുക.
ലാൻഡിംഗ് സൈറ്റ് ഏരിയ വർദ്ധിപ്പിച്ചു
ഇത്തവണ വിക്രം ലാൻഡറിന്റെ നാല് കാലുകളും കൂടുതൽ ബലപ്പെടുത്തി. പുതിയ സെൻസറുകൾ സ്ഥാപിച്ചു. പുതിയ സോളാർ പാനലും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ചന്ദ്രയാൻ-2ന്റെ ലാൻഡിംഗ് സൈറ്റിന്റെ വിസ്‌തീർണ്ണം 500 മീറ്റർ x 500 മീറ്റർ ആയി നിശ്ചയിച്ചിരുന്നു. വിക്രം ലാൻഡർ ഇതിന്റെ മധ്യഭാഗത്ത് ഇറക്കാനാണ് ഇസ്രോ ആഗ്രഹിച്ചത്. അത് കൊണ്ട് തന്നെ ചില പരിമിതികൾ ഉണ്ടായിരുന്നു. ഇത്തവണ ലാൻഡിംഗ് ഏരിയയുടെ വിസ്‌തീർണ്ണം 4 x 2.5 കിലോമീറ്റർ ആയി നിലനിർത്തിയിട്ടുണ്ട്. അതായത്, ചന്ദ്രയാൻ-3ന്റെ വിക്രം ലാൻഡറിന് ഇത്രയും വലിയ പ്രദേശത്ത് ഇറങ്ങാൻ കഴിയും.