കഠിനാധ്വാനത്തിലൂടെ ഐഎഎസ് സ്വന്തമാക്കിയ മലയാളി; അഴിമതിക്കെതിരെ പോരാടിയ രണവീരൻ ;രാജു നാരായണസ്വാമി IAS സുമായി പ്രത്യേക അഭിമുഖം

അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ കാലം കൊത്തിവച്ച പേര്... ഡോ.രാജു നാരായണ സ്വാമി IAS.

 ഉദ്യോഗ പദവികളുടെ അധികാര പ്രമത്തതയിൽ സാധാരണക്കാരന്റെ ജീവിതം കോറിയിട്ട ഫയലുകൾ ഉന്നതകർക്കു വേണ്ടി കശക്കിയെറിയുന്ന അഴിമതിക്കാർക്കെതിരെ നട്ടെല്ലു നിവർത്തി പോരിനിറങ്ങിയ IASഓഫീസർ...

ഇന്ത്യൻ യുവത്വം മാതൃകയാക്കേണ്ട ആദർശ പുരുഷൻ....

അദ്ദേഹം വാർത്താ മലയാളം ന്യൂസിനോട് സംവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.........

ഔദ്യോഗിക ജീവിതം എങ്ങനെയായിരുന്നു? സംതൃപ്തി തോന്നിയ അനുഭവങ്ങൾ എന്തൊക്കെയാണ്? 

തൃശ്ശൂർ ജില്ലാ കളക്ടർ ആയിരുന്ന കാലയളവ് തന്നെയാണ് എനിക്ക് ഏറ്റവും സംതൃപ്തി നൽകിയ കാലഘട്ടങ്ങളിലൊന്ന്. 1998-99 ലാണ് ഞാൻ തൃശൂർ കളക്ടർ ആയി സേവനമനുഷ്ഠിച്ചത്. തൃശൂരിലെ പട്ടാളം റോഡിൻ്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ 1974 ൽ തന്നെ തുടങ്ങിയതാണ്. പക്ഷേ അത് പൂർത്തിയാക്കാൻ മാറി മാറി വന്ന ഭരണ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. ജനപങ്കാളിത്തത്തോടെ - അവിടുത്തെ കൗൺസിലർമാരുടെ ഉൾപ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങളുടെ സഹകരണത്തോടെ അതും അതോടൊപ്പം മറ്റ് നാലു റോഡുകളും സമയബന്ധിതമായി വീതി കൂട്ടാൻ സാധിച്ചു എന്നത് സർവീസ് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ഒരു കാര്യമാണ്. അങ്ങനെ ഒരു വർഷം കൊണ്ട് നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ എന്നാലാകും വിധം എളിയ സംഭാവനകൾ നൽകി. മൂന്നാർ ദൗത്യവും എടുത്തുപറയേണ്ടതു തന്നെ. നിയമവിരുദ്ധമായി ആരെങ്കിലും റിസോർട്ടുകൾ കെട്ടിപ്പൊക്കിയാൽ ഒരു ദിവസം അത് പൊളിക്കപ്പെടുമെന്ന ഒരു സന്ദേശം സമൂഹത്തിന് നൽകാൻ കഴിഞ്ഞു.

അതൊരു പരിസ്ഥിതി സംരക്ഷണയജ്ഞം കൂടിയായിരുന്നു. മൂന്നാർ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിൽസ്റ്റേഷൻ ആണല്ലോ. അവിടെ നിരവധി നിയമവിരുദ്ധ പ്രവൃത്തികൾ നടന്നിരുന്നു. ഏലം കൃഷി ചെയ്യാൻ സ്ഥലം പാട്ടത്തിനെടുത്തിട്ട് അത് ചെയ്യാതെ റിസോർട്ടുകൾ കെട്ടിപ്പൊക്കിയിരുന്നു. നദിയുടെ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുത്തി പല നിർമാണ പ്രവൃത്തികളും നടത്തിയിരുന്നു. അന്നത്തെ കേരള സർക്കാരിന്റെ തീരുമാന പ്രകാരമാണ് മൂന്നാറിലേക്ക് ഞാൻ നിയോഗിക്കപ്പെട്ടത്. ഇടുക്കി ജില്ലാ കളക്ടർ ആയിട്ടായിരുന്നു നിയോഗം. നിയമവിരുദ്ധമായി കയ്യടക്കിയിരുന്ന ഭൂമി തിരിച്ചു പിടിക്കാനും റിസോർട്ട് മാഫിയയ്ക്ക് വ്യക്തമായ സന്ദേശം നൽകാനും നാലു മാസം കൊണ്ട് കഴിഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്. അതേ സമയത്ത് തന്നെയായിരുന്നു രാജകുമാരി ഭൂമിയിടപാടും. അതിനെ കുറിച്ചുള്ള സത്യസന്ധമായ റിപ്പോർട്ടിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി രാജിവച്ചു. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഒരു മന്ത്രി രാജിവയ്ക്കുന്നത് ആദ്യമായിട്ടായിരുന്നു.

കളക്ടർ ആയിരുന്ന കാലഘട്ടം എങ്ങനെ ഉണ്ടായിരുന്നു?

തൃശൂർ, കാസർഗോഡ്, കോട്ടയം ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ കളക്ടർ ആകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഒരു ഐ.എ.എസുകാരൻ്റെ ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാലയളവ് എന്നത് കളക്ടർ ആയിരിക്കുന്ന കാലഘട്ടമാണ്. ജനങ്ങളുടെ പ്രശ്നങ്ങളെ നേരിട്ടറിയാനും മനസിലാക്കാനും ഇടപെടാനും കളക്ടർക്ക് കഴിയും. ഇന്നും ആ അഞ്ച് ജില്ലകളിൽ പോയാൽ സന്തോഷത്തോടെ ഓടി വരുന്ന ആൾക്കാരെ ഞാൻ കാണാറുണ്ട്. അവരുടേത് ചെറിയ ചെറിയ പ്രശ്നങ്ങളാണ്. എന്നാൽ അത് അവരെ സംബന്ധിച്ച് വലിയ വലിയ കാര്യങ്ങളാണ്. ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വ്യക്തി എന്ന രീതിയിൽ അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ കഴിയുക എന്നത് മഹാഭാഗ്യമാണ്. 2006 - 2007 കാലഘട്ടത്തിൽ കോട്ടയം ജില്ലാ കളക്ടർ ആയിരുന്ന സമയത്ത് മെഡിക്കൽ കോളേജിൽ മജോ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ ചികിത്സ കിട്ടാതെ മരിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ഡോക്ടർ 300 രൂപ കൈക്കൂലി ചോദിച്ചിട്ട് നൽകാതിരുന്നതിനാൽ സംഭവിച്ചതായിരുന്നു അത്. അന്ന് ആ ഡോക്ടർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയാണുണ്ടായത്. ഡോക്ടർമാരെ എനിക്കെന്നും ബഹുമാനമാണ്. എന്നാൽ അതിനിടയിൽ ചില ഇത്തിൾക്കണ്ണികളുണ്ട് അവർക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു അത്. അതുപോലെ ഏറ്റവും വലിയ സിവിൽ സപ്ലൈസ് റെയ്‌ഡ് നടന്നത് ഞാൻ കോട്ടയം കളക്ടർ ആയിരുന്നപ്പോഴാണ്. റേഷൻ സാധനങ്ങൾ അർഹരായവർക്ക് നൽകാതെ പ്രൈവറ്റ് മില്ലുകൾക്ക് മറിച്ചു കൊടുത്തപ്പോൾ അവ കണ്ടുകെട്ടുകയും റേഷൻ കടകൾ വഴ അർഹരായവർക്ക് നൽകാൻ ഉത്തരവിടുകയും ചെയ്തു.

'We are only drops in an ocean". പക്ഷേ ദശലക്ഷക്കണക്കിന് വെള്ളത്തുള്ളികൾ ചേരുന്നതാണ് കടൽ. ഓരോ വ്യക്തിയും ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുന്നു. അങ്ങനെ ചെയ്യുന്ന കാര്യങ്ങളെല്ലാം കൂടി ഒത്തുചേരുമ്പോൾ അതു രാഷ്ട്രപുനർനിർമ്മാണത്തിന് കളമൊരുങ്ങുന്നു.