നേപ്പാളിൽ ആളിക്കത്തിയ പ്രതിഷേധത്തില്‍ തകർന്നുവീണത് അധികാര കസേരകള്‍ മാത്രമല്ല, അവിടുത്തെ ബിസിനസ് സാമ്രാജ്യം കൂടിയാണെന്ന് പുതിയ റിപ്പോർട്ടുകള്‍
ജെൻ സി പ്രക്ഷോഭകാരികള്‍ തെരുവുകള്‍ കയ്യടക്കിയപ്പോള്‍ പാർലമെന്റ് മന്ദിരത്തിനും സുപ്രിം കോടതിക്കുമൊപ്പം കത്തിയെരിഞ്ഞത് നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ കൂടിയാണ്. പ്രതിഷേധം നടക്കുന്നതിനിടെ ഒരു വിഭാഗം എല്ലാം തീയിട്ട് നശിപ്പിക്കുന്നതിലേക്ക് നീങ്ങിയതോടെ ഹില്‍ട്ടണ്‍ കാഠ്മണ്ഡുവും ഹയാത്ത് റീജൻസിയും ഉള്‍പ്പെടെയുള്ള ആഗോള ബ്രാൻഡുകള്‍ വരെ ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഉണ്ടായതാകട്ടെ ശതകോടികളുടെ നഷ്ടവും.
ഹില്‍ട്ടണ്‍, ഹയാത്ത് റീജൻസി, വർണബാസ് മ്യൂസിയം ഹോട്ടല്‍ എന്നിവയുള്‍പ്പെടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളും ജെൻ സി പ്രതിഷേധക്കാർ ആക്രമിച്ചു. നേപ്പാളിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിലൊന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതുമായ ബൗദ്ധനാഥ് സ്തൂപത്തിനടുത്തുള്ള ഹയാത്ത് റീജൻസി പ്രതിഷേധക്കാർ തകർത്തതായി ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് മാനേജർ ഭൂഷണ്‍ റാണെ റോയിട്ടേഴ്സിനോട് പറഞ്ഞു.
അതിഥികള്‍ക്കോ ജീവനക്കാർക്കോ ആർക്കും പരിക്കേറ്റിട്ടില്ലെന്നും റാണെ കൂട്ടിച്ചേർത്തു. രാഷ്ട്രീയ അസ്വസ്ഥതകള്‍ കാരണം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോട്ടല്‍ അടച്ചിടും.
പഞ്ചനക്ഷത്ര ഗ്ലാസ് ടവറായ ഹില്‍ട്ടണ്‍ ഹോട്ടലും കത്തിനശിച്ചു. ആകാശത്തേക്ക് കറുത്ത പുകപടലങ്ങള്‍ ഉയർന്നു. നേപ്പാളിലെ സ്റ്റീല്‍ നിർമ്മാണ ബിസിനസില്‍ നിന്ന് പിന്നീട് വൻകിട കമ്ബനിയായ ശങ്കർ ഗ്രൂപ്പിന്റെ പിൻഗാമിയായ ഷാഹില്‍ അഗർവാള്‍ കഴിഞ്ഞ വർഷമാണ് കാഠ്മണ്ഡു ഹില്‍ട്ടണ്‍ തുറന്നത്. ഇതാണ് അഗ്നിക്കിരയാക്കിയത്.
പ്രതിഷേധത്തിനിടെ ഉണ്ടായ നാശനഷ്ടങ്ങളെ തുടർന്ന് ഹില്‍ട്ടണ്‍ ഹോട്ടല്‍ അടച്ചുപൂട്ടിയതായും അതിഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും ഹില്‍ട്ടണ്‍ വക്താവ് പറഞ്ഞു.
നേപ്പാളി കോണ്‍ഗ്രസ് നിയമസഭാംഗം രാജേന്ദ്ര ബജ്ഗൈന്റെ ഉടമസ്ഥതയിലുള്ള വർണബാസ് മ്യൂസിയം ഹോട്ടലും അഗ്നിക്കിരയായി. എല്ലാ അതിഥികളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പറഞ്ഞ ബജ്ഗൈൻ പിന്നീട് പാർലമെന്റില്‍ നിന്ന് രാജിവയ്ക്കാനുള്ള ആഗ്രഹം പ്രഖ്യാപിക്കുകയും പ്രതിഷേധക്കാരുടെ ആവശ്യത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു.
ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ നേപ്പാളിന്റെ സമ്ബദ്വ്യവസ്ഥ നിലനില്‍ക്കുന്നത് ടൂറിസം അധിഷ്ഠിതമായാണ്. സമ്ബദ്വ്യവസ്ഥയുടെ നിർണായക വരുമാന സ്രോതസ്സായ നേപ്പാളിലെ ഹോട്ടല്‍ വ്യവസായമാകെ തകർന്ന അവസ്ഥയാണ് നിലവിലുള്ളത്. ഏകദേശം രണ്ട് ഡസനോളം ഹോട്ടലുകള്‍ നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കുകയോ കത്തിക്കുകയോ ചെയ്തു. ഹോട്ടല്‍ മേഖലയില്‍ മാത്രം 25 ബില്യണ്‍ നേപ്പാള്‍ രൂപയുടെ നഷ്ടം സംഭവിച്ചു.
ഹോട്ടല്‍ അസോസിയേഷൻ നേപ്പാള്‍ (HAN) പുറത്തിറക്കിയ പ്രസ്താവനയെ ഉദ്ധരിച്ച് മൈ റിപ്പബ്ലിക്ക് ന്യൂസ് പോർട്ടല്‍ റിപ്പോർട്ട് ചെയ്തത് പ്രകാരം, ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കാഠ്മണ്ഡുവിലെ ഹില്‍ട്ടണ്‍ ഹോട്ടലിനാണ്. ആ ഹോട്ടലിന് മാത്രം 8 ബില്യണ്‍ രൂപയിലധികം നാശനഷ്ടങ്ങള്‍ സംഭവിച്ചു.