ന്യൂഡൽഹി: തലസ്ഥാനമായ ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നഗരവാസികളെ നടുക്കി സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപം റോഡിൽ നിർത്തിയിട്ട കാറിലാണ് സ്‌ഫോടനം സംഭവിച്ചത്. വൈകീട്ട് ഏകദേശം 6.55 ഓടെയായിരുന്നു സംഭവം. ജനത്തിരക്കേറിയ പ്രദേശമായതിനാൽ സ്‌ഫോടന ശബ്ദം വലിയ പരിഭ്രമം സൃഷ്ടിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റു വാഹനങ്ങളും തീപിടിത്തത്തിൽ പെട്ടു, മൂന്നു വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.
സ്‌ഫോടനശേഷം ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും, ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള വിദഗ്ധസംഘങ്ങൾ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയാണ്. വാഹനത്തിൽ ഏതെങ്കിലും സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നോയെന്നതും അപകടം സാങ്കേതിക തകരാറിനെത്തുടർന്നതാണോയെന്നതുമാണ് ഇപ്പോൾ അന്വേഷണത്തിന്റെ പ്രധാന ദിശകൾ. പ്രദേശത്തെ ഗതാഗതം പൊലീസ് താൽക്കാലികമായി നിയന്ത്രിച്ചിരിക്കുകയാണ്.
അതേസമയം, തീ പടരാതിരിക്കാൻ ഫയർ ഫോഴ്സ് വ്യാപകമായ ശ്രമങ്ങൾ നടത്തി വരികയാണ്. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കാൻ പ്രവർത്തിക്കുന്നു. പൊട്ടിത്തെറിച്ച കാറിനൊപ്പം സമീപത്തെ വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. ജനങ്ങൾ സുരക്ഷിതരാണോയെന്നതും പരിക്കേറ്റവർ ഉണ്ടോയെന്നതും സംബന്ധിച്ച് പൊലീസ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് അധികൃതർ അറിയിച്ചു.