ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഗാർഹിക സിലിണ്ടറുകള്‍ ഇനി മുതല്‍ 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വിതരണത്തില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയില്‍ ആളുകള്‍ കൂട്ടത്തോടെ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതാണ് ഈ കർശന നടപടിക്ക് കാരണം. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇത് ഹോട്ടലുകളുടെയും കാന്റീനുകളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വർദ്ധിപ്പിച്ചിരുന്നു. കൊച്ചിയില്‍ നിലവില്‍ 920 രൂപയാണ് ഗാർഹിക സിലിണ്ടറിന്റെ വില. ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം തടസ്സപ്പെടുന്നത് ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇറാൻ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ രാജ്യത്ത് ഏകദേശം 30 ദിവസത്തേക്കുള്ള എല്‍പിജി സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നത്. മാർച്ചില്‍ എത്തേണ്ട ചരക്കുകള്‍ വൈകുകയോ, ഉപഭോക്താക്കള്‍ പരിഭ്രാന്തരായി നേരത്തെ റീഫില്ലുകള്‍ ബുക്ക് ചെയ്യാൻ തുടങ്ങുകയോ ചെയ്താല്‍ ഈ കരുതല്‍ ശേഖരം വേഗത്തില്‍ തീരുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സിലിണ്ടറുകള്‍ പൂഴ്ത്തിവയ്ക്കുന്നത് ഒഴിവാക്കാനും വിതരണം സുഗമമാക്കാനുമാണ് പുതിയ 25 ദിവസ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.