അംബാല: അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് 50 ഇന്ത്യക്കാരെകൂടി അമേരിക്ക നാടുകടത്തി. ഹരിയാനയിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരെയാണ് ഇത്തവണ നാടുകടത്തിയത്.
കാലുകള്‍ ചങ്ങലകളാല്‍ ബന്ധിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് എത്തിച്ചത് എന്നാണ് ഉയരുന്ന ആരോപണം. ലക്ഷക്കണക്കിന് രൂപ എജന്റിന് നല്‍കി അമേരിക്കയിലേക്ക് പോയവരാണ് ഇവരില്‍ ഭൂരിപക്ഷവും.
നാടുകടത്തപ്പെട്ടവർ ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ വിമാനമിറങ്ങി. ഇവരില്‍ ചിലർ വിമാനയാത്രയുടെ മുഴുവൻ ദൈർഘ്യമായ 25 മണിക്കൂറോളം കാലില്‍ ചങ്ങല ധരിപ്പിച്ച് യാത്ര ചെയ്യേണ്ടിവന്നതായാണ് പരാതി. നാടുകടത്തപ്പെട്ടവരില്‍ 25 മുതല്‍ 40 വയസുവരെയുള്ള യുവാക്കളാണ് ഭൂരിഭാഗവും.
35 മുതല്‍ 57 ലക്ഷം രൂപവരെ ഏജന്റുമാർക്കു നല്‍കി അമേരിക്കയിലേക്കുള്ള അനധികൃത പ്രവേശന ശ്രമത്തില്‍ കബളിക്കപ്പെട്ടവരാണു പലരും. ഇവർ ഹരിയാനയിലെ കർണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം എല്ലാവരെയും വീടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു.
ഇതിനുമുമ്ബും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച യുഎസ്, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ ശക്തമായ നടപടി തുടർന്നു വരികയാണ്.