മാര്‍പാപ്പയുടെ നില അതീവ ഗുരുതരം; ശ്വാസതടസവും ഛര്‍ദിയും മൂര്‍ഛിച്ചു

ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും ആശങ്ക. റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിലാണ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്.

മാര്‍പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമെന്നാണ് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുള്ളത്. ഛര്‍ദിയെ തുടര്‍ന്നുണ്ടായ ശ്വാസതടസമാണ് സ്ഥിതി വഷളാക്കിയത്. തുടര്‍ന്ന് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ച്‌ കൃത്രിമശ്വാസം നല്‍കുന്നുണ്ട്. ആരോഗ്യ നിലയെക്കുറിച്ച്‌ മെഡിക്കല്‍ സംഘം കുടൂതല്‍ പ്രതികരിച്ചിട്ടില്ല.

അടുത്ത 24 മുതല്‍ 48 മണിക്കൂര്‍ വരെ നിര്‍ണായകമെന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചിരിക്കുന്നതെന്ന് വത്തിക്കാന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം, പാപ്പ മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ പൂര്‍ണ ബോധവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഫെബ്രുവരി പതിനാലിനാണ് ശ്വാസനാളവീക്കംമൂലം 88 കാരനായ ഫ്രാന്‍സിസ് പാപ്പയെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിരുന്നു. രോഗം പൂര്‍ണമായി ഭേദമാകാന്‍ ഇനിയും ദിവസങ്ങള്‍ ചികിത്സയില്‍ തുടരേണ്ടി വരും. ലോകമെങ്ങുമുള്ള കോടിക്കണക്കിന് കത്തോലിക്ക വിശ്വാസികള്‍ മാര്‍പാപ്പയ്ക്കായി പ്രാര്‍ഥനകള്‍ തുടരുകയാണ്. ഇതര ക്രൈസ്തവ സഭാ നേതാക്കളും പാപ്പയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നു. പാപ്പ രാത്രികളില്‍ ശാന്തമായി വിശ്രമിച്ചതായി വത്തിക്കാന്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച പ്രഭാതഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥനയിലും ഔദ്യോഗിക കാര്യങ്ങളിലും പാപ്പ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന തിരുക്കര്‍മങ്ങളില്‍ മാര്‍പാപ്പയ്ക്കു പകരം കര്‍ദിനാള്‍ ആഞ്ചലോ ദെ ഡൊനാറ്റിസ് മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു

Vartha Malayalam News - local news, national news and international news.