രണ്ടു ലക്ഷം ശമ്പളമെന്ന് പറഞ്ഞ് കൊണ്ടുപോയത് സെക്യൂരിറ്റി ജോലിയ്ക്ക്; റഷ്യയിൽ എത്തിയപ്പോൾ ചെയ്യേണ്ടത് വാഗ്നർ സേനയിൽ ചേർന്ന് യുക്രൈനെതിരെ യുദ്ധവും; തട്ടിപ്പിൽ കുടുങ്ങി ഇന്ത്യൻ യുവാക്കൾ

ഡൽഹി: ജോലിതട്ടിപ്പിന് ഇരയായ നിരവധി ഇന്ത്യക്കാർ റഷ്യ–യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്. സെക്യൂരിറ്റി ജോലിയെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് പോയ പന്ത്രണ്ട് ഇന്ത്യൻ യുവാക്കൾ യുദ്ധമേഖലയിൽ കുടുങ്ങിയതായിട്ടാണ് റിപ്പോർട്ട്. സൈന്യത്തിൽ ചേർന്ന് യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങൾക്ക് മേലെ സമ്മർദമുണ്ടെന്നും എങ്ങനെയെങ്കിലും തങ്ങളെ രക്ഷിക്കണം എന്നുമാവശ്യപ്പെട്ട് യുവാക്കൾ വീഡിയോ സന്ദേശം പുറത്തുവിട്ടു. തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കൾക്കാണു ദുരിതം. യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയും യുവാക്കളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനെ സമീപിച്ചു.

തെലങ്കാനയിൽ നിന്ന് രണ്ട് പേരും കർണാടകയിൽ നിന്ന് മൂന്ന് പേരും ഗുജറാത്തിൽ നിന്നും യുപിയിൽ നിന്നും ഒരാളും കശ്മീരിൽ നിന്ന് രണ്ട് പേരുമാണ് റഷ്യയിലെ മരിയുപോൾ, ഹാർകീവ്, ഡോണെട്സ്ക് എന്നിവിടങ്ങളിലായി കുടുങ്ങിയത്. വാഗ്നർ ഗ്രൂപ്പിന്‍റെ സ്വകാര്യ സൈന്യത്തിൽ അംഗങ്ങളാകാനാണ് ഇവര്‍ക്ക് മേൽ സമ്മർദം ചെലുത്തുന്നത്. സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന ഫൈസൽ ഖാൻ എന്ന യൂട്യൂബ് വ്ളോഗറുടെ വീഡിയോ കണ്ടാണ് ഇവർ ജോലിക്ക് അപേക്ഷിച്ചത്.

ഹൈടെക് തട്ടിപ്പിന്റെ ഇരകളാണെന്നും തങ്ങളെ രക്ഷിക്കണമെന്നും കുടുംബത്തിന് അയച്ച വിഡിയോയിൽ തെലങ്കാന സ്വദേശി മുഹമ്മദ് സുഫിയാൻ അഭ്യർഥിച്ചു. സൈനിക വേഷത്തിലായിരുന്നു സുഫിയാൻ. ആർമി സെക്യൂരിറ്റി ഹെൽപേഴ്സ് എന്ന ജോലി വാഗ്ദാനം ചെയ്ത് 2023 ഡിസംബറിലാണു റിക്രൂട്ടിങ് ഏജൻസി തങ്ങളെ റഷ്യയിലേക്ക് അയച്ചതെന്നു യുവാക്കൾ പറയുന്നു. ദുബായിൽ 30,000– 40,000 രൂപ ശമ്പളമുണ്ടായിരുന്ന യുവാക്കൾക്കു 2 ലക്ഷം വരെ വാഗ്ദാനം ചെയ്താണു റഷ്യയിലേക്ക് അയച്ചത്.

ജോലിക്കായി ഓരോരുത്തരിൽനിന്നും റിക്രൂട്ടിങ് ഏജന്റുമാർ 3.5 ലക്ഷം വീതം വാങ്ങിയെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. അറുപതിലേറെ ഇന്ത്യൻ യുവാക്കളെ സമ്മതമില്ലാതെ റഷ്യയിൽ സ്വകാര്യസേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. റഷ്യൻ ഭാഷയിലുള്ള കരാറിൽ ഇവരെക്കൊണ്ട് ഒപ്പിടീച്ചാണു സമ്മതം വാങ്ങിയത്. യുട്യൂബ് ചാനൽ നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയാണു യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതെന്നാണു സൂചന.

എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും യുദ്ധത്തിന് പോകാനോ സൈന്യത്തിൽ ചേരാനോ വന്നവരല്ല തങ്ങളെന്നും യുവാക്കൾ വീഡിയോ സന്ദേശത്തിൽ പറയുന്നു. ഫൈസൽ ഖാൻ ജോലി തട്ടിപ്പിൽ ഇടനിലക്കാരനാണെന്നും ദുബായിൽ ആണുള്ളതെന്നും മുംബൈയിൽ ഇയാൾക്ക് രണ്ട് ഏജന്‍റുമാർ ഉണ്ടെന്നും യുവാക്കൾ ആരോപിച്ചു. യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയതായും വിവരമുണ്ട്.

Vartha Malayalam News - local news, national news and international news.