ജെൻ സി കലാപം; നേപ്പാളില്‍ സമൂഹ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

കാഠ്മണ്ഡു: നേപ്പാളില്‍ സർക്കാരിനെതിരായുള്ള ജെൻ സി പ്രക്ഷോഭം ശക്തമായതോടെ സമൂഹ മാദ്ധ്യമങ്ങള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി.

നിരോധിച്ച 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പുനഃസ്ഥാപിച്ചിരിക്കുകയാണ്. പാർലമെന്റിലേക്ക് പ്രക്ഷോഭകർ നടത്തിയ മാർച്ചിനുനേരെ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ 19 പേർ മരിക്കുകയും 300ലേറെപ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

മന്ത്രിസഭയുടെ അടിയന്തര യോഗത്തിന് ശേഷം സമൂഹ മാദ്ധ്യമങ്ങള്‍ നിരോധിക്കാനുള്ള മുൻ തീരുമാനം സർക്കാർ പിൻവലിച്ചതായി നേപ്പാളിലെ വാർത്താവിനിമയ, പ്രക്ഷേപണ മന്ത്രി പൃഥ്വി സുബ്ബ ഗുരുംഗ് പ്രഖ്യാപിച്ചു. ജെൻ സിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സമൂഹ മാദ്ധ്യമങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാൻ ബന്ധപ്പെട്ട ഏജൻസികളോട് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ടെന്നും ഗുരുംഗ് പറഞ്ഞു. യുവാക്കള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രക്ഷോഭത്തില്‍ നേപ്പാള്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

നേപ്പാളില്‍ പ്രക്ഷോഭത്തെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലെഖാകു രാജിവച്ചു. രാജ്യസുരക്ഷയ്ക്ക് ഹാനികരമായ തരത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നേപ്പാളില്‍ രജിസ്റ്റ‌ർ ചെയ്യണമെന്ന നിയമം നടപ്പാക്കി. ഓഗസ്റ്റ് 28 മുതല്‍ സെപ്തംബർ നാലുവരെയായിരുന്നു സമയപരിധി. ഇതനുസരിച്ചുള്ള നടപടികള്‍ യൂട്യൂബ്, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, വാട്സ് ആപ്പ് അടക്കം 26 പ്ളാറ്റ്ഫോമുകള്‍ പൂർത്തിയാക്കിയില്ല. ഇതോടെ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

Vartha Malayalam News - local news, national news and international news.