തൃശൂരില്‍ അല്‍ഫാം മന്തിയും, ചിക്കൻ വിഭവങ്ങളും കഴിച്ചവര്‍ക്ക്‌ ഭക്ഷ്യവിഷബാധ; കുട്ടികളുള്‍പ്പടെ 30 ഓളം പേര്‍ ചികിത്സയില്‍

തൃശൂർ :വടക്കഞ്ചേരിയില്‍ ഭക്ഷ്യവിഷബാധയേറ്റ് മുപ്പത്തോളം പേർ ചികിത്സയില്‍. വടക്കഞ്ചേരി ടൗണിലെ 'ചങ്ങായീസ് കഫെ' എന്ന സ്ഥാപനത്തില്‍ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ നിന്നും അല്‍ഫാം മന്തി, മറ്റു ചിക്കൻ വിഭവങ്ങള്‍ കഴിച്ചവർക്കാണ് ചർദ്ദിയും വയറ്റിളക്കവും ഉണ്ടായത്.

വടക്കഞ്ചേരി പരിസരപ്രദേശങ്ങളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ മുപ്പത്തോളം പേർ ആണ് ഇപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്.ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവർക്ക് വൈകിട്ടും ബുധനാഴ്ചയോടെയും ആണ് ഛർദി, വയറിളക്കം, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതേ തുടർന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മറ്റു പലരും ഇവിടെ നിന്നും ഭക്ഷണം കഴിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം അറിയുന്നത്. ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ചതനുസരിച്ച്‌ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും കടയില്‍ പരിശോധന നടത്തി. ഹോട്ടലിന് ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നിര്‍ദേശം.കടയിലെ അടുക്കള വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. പഴകിയ സാധനകളൊന്നും കണ്ടെത്തിയിട്ടില്ല. ചിക്കൻ ശരിക്ക് വേവിക്കാതെ നല്‍കിയതാകാം ഭക്ഷ്യവിഷബാധ യേല്‍ക്കാൻ കാരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Vartha Malayalam News - local news, national news and international news.