ന്യൂഡൽഹി : യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. 2025 ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. യാത്രക്കാർക്ക് ചില നിബന്ധനകളോടെ ഒരു പവർ ബാങ്ക് കൈവശം വെക്കാൻ അനുമതിയുണ്ട്. എന്നാല്‍ ക്യാബിനിലിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കരുത്.
എമിറേറ്റ്സ് യാത്രക്കാർക്ക് 100Wh-ൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് കൈവശം വെക്കാം.
വിമാനത്തിനുള്ളിൽ വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല.
വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യുന്നത് അനുവദനീയമല്ല.
യാത്രയിൽ കൊണ്ടുപോകുന്ന എല്ലാ പവർ ബാങ്കുകൾക്കും അതിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം.
പവർ ബാങ്കുകൾ വിമാനത്തിലെ ഓവർഹെഡ് സ്റ്റോവേജ് ബിന്നിൽ വെക്കാൻ പാടില്ല.
പകരം, സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വെക്കണം.
ചെക്ക്-ഇൻ ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല (നിലവിലുള്ള നിയമം).