കോഴിക്കോട്: ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിന് പിന്നാലെ, കന്യാസ്ത്രീകളുടെ മാവോയിറ്റ് ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല. കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പാണെന്നും ശശികല ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
‘ഈ മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാളുകുറച്ചായിട്ടുണ്ട്. കേരളത്തിൽ കന്യാസ്ത്രീ മഠങ്ങളിലും സഭയുടെ മറ്റുസ്ഥാപനങ്ങളിലും കത്തോലിക്കാ ഭവനങ്ങളിലും വീട്ടുപണിക്ക് നില്ക്കുന്ന-നിന്നിരുന്ന ഉത്തരേന്ത്യൻ ആദിവാസി പെൺകുട്ടികളെപ്പറ്റി സമഗ്രാന്വേഷണം വേണം. അവരുടെ എസ്റ്റേറ്റുകളിലും മറ്റും പണിക്ക് നിർത്തിയിരിക്കുന്ന ആദിവാസി പുരുഷന്മാരെ പറ്റിയും അന്വേഷണം വേണം. മാവോവാദികൾ സർക്കാർ സംവിധാനത്തെ അടുപ്പിക്കാതെ അവരുടെ സാമ്രാജ്യമാക്കി പട്ടിണി മാറ്റാൻ സമ്മതിക്കാതെ കൊണ്ടു നടക്കുന്ന മേഖലകളിൽ നിന്നാണ് ഇവർ ആദിവാസികളെ കൊണ്ടു വരുന്നത്.. ഇത്തരം കന്യാസ്ത്രീകൾ ഒരു എതിർപ്പുമില്ലാതെ അവിടെ പോകുന്നു. ഇഷ്ടം പോലെ ആളുകളെ കേറ്റിക്കൊണ്ടു വരുന്നു.
രാഷ്ട്രധ്വംസകരായ മാവോഭീകരരുമായി ഇവർക്കുള്ള ലിങ്ക് എന്ത്? ലക്ഷ്മാണനന്ദ സരസ്വതി സ്വാമികളുടെ ക്രൂരകൊലപാതകത്തിൽ അന്നേ ഈ ബന്ധം എല്ലാവരും സംശയിച്ചിരുന്നു. ജിഹാദികളേക്കാൾ ഒട്ടും പിന്നിലല്ല മാവോവാദികൾ. എൻ.ഐ.എ പോലുള്ള കേന്ദ്ര ഏജൻസികൾ ഈ വിഷയം ഗൗരവമായി അന്വേഷിക്കണം. അമേരിക്കയിലെ, ആസ്ട്രേലിയയിലെ ഒക്കെ തനതുവംശങ്ങൾ വെയിലത്ത് ആവിയായി പോയതല്ല. കൈസ്തവ സഭകൾ നശിപ്പിച്ചതാണവരെ. മറക്കരുത് നാം അത്.’ -ശശികല കുറിപ്പിൽ പറയുന്നു.
ഇസ്‍ലാമിക മതതീവ്രവാദ ഭീഷണി നിലനിൽക്കുന്ന കേരളത്തിൽ ക്രൈസ്തവ സമൂഹത്തിനാണ് സംഘപരിവാറിനെ ആവശ്യം. അല്ലാതെ മറിച്ചല്ല. കേരളത്തിൽ ഹിന്ദു സമൂഹത്തിന് ക്രൈസ്തവ സമൂഹവുമായി യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതിരിക്കുമ്പോൾ കുറ്റാരോപിതർ മത പൗരോഹിത്യം വഹിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ മതസഹിഷ്ണുത തകർക്കും. അവർ വെല്ലുവിളിക്കുന്നത് ഭരണഘടനയെ തന്നെയാണ്’ -മറ്റൊരു കുറിപ്പിൽ ശശികല പറഞ്ഞു.
നിരവധി തവണ ക്രൈസ്തവ വിശ്വാസികളുടെ ആത്മാഭിമാനം വ്രണപ്പെട്ടപ്പോൾ ഒന്നും കണ്ടിട്ടില്ലാത്ത മതനേതൃത്വങ്ങളുടെ ആർജ്ജവം ഇപ്പോൾ കേരളത്തിൽ കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പറഞ്ഞു. ഭയത്തിന്റെ പാരമ്പര്യം പേറുന്നവർ ദേശീയ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്താറായിട്ടില്ലെന്നും സുരേഷ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘മതപരിവർത്തനം ചെയ്യപ്പെട്ടാൽ ഒരു രാഷ്ട്ര ദ്രോഹി ജനിച്ചു’
പാവങ്ങളെ പറഞ്ഞുപറ്റിച്ച് അവരുടെ ദുഃഖങ്ങളെ മുതലെടുത്ത് ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ മറവിൽ മതപരിവർത്തനവാദികൾ നടത്തുന്നത് രാഷ്ട്രവിരുദ്ധ പ്രവർത്തനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് അഭിപ്രായപ്പെട്ടു. നാടിന്റെ അസ്ഥിത്വം തകർത്തെറിയുന്ന ഇത്തരം നടപടികൾ ചെറുക്കപ്പെടേണ്ടതു തന്നെയാണ്. ഒരാൾ മതപരിവർത്തനം ചെയ്യപ്പെട്ടാൽ ഒരു രാഷ്ട്ര ദ്രോഹി ജനിച്ചു എന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത്. ചത്തീസ്ഗഡിലേതു പോലുള്ള സംഭവങ്ങളുടെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കാതെയാണ് ഇവിടെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രതികരിക്കുന്നത്. കുറ്റം ചെയ്യുന്നവരെ മതത്തിൻ്റെ മറവിൽ സംരക്ഷിക്കുന്നവർ കുറ്റകൃത്യത്തെ ചോദ്യം ചെയ്യുന്നവരെ വളഞ്ഞിട്ടാക്രമിക്കുന്ന വിചിത്ര കാഴ്ചയാണ് ഇവിടെ കാണുന്നത്. ഇതംഗീകരിക്കാനാവില്ല -ഹരിദാസ് പറഞ്ഞു.
സേവനത്തിന്റെയും സ്നേഹത്തിന്റെയും മറവിൽ ഹിന്ദുക്കളെ മതം മാറ്റുന്ന പ്രവർത്തനങ്ങൾ ആര് നടത്തിയാലും അതിനെ ശക്തമായി ചെറുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി. ബാബു പറഞ്ഞു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ നടത്തിയത് മനുഷ്യക്കടത്തും മതം മാറ്റവുമാണോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. പൊലീസിൻ്റെ അന്വേഷണം പൂർത്തിയാവുന്നതിന് മുൻപേ ബന്ധപ്പെട്ട കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാൻ കാണിക്കുന്ന ആവേശം ഇരകളായ മൂന്ന് പെൺകുട്ടികളോട് കാണിക്കുന്ന അനീതിയാണ്. ഇക്കാര്യത്തിൽ ഛത്തീസ്ഗഡ് സർക്കാർ സ്വീകരിച്ച നിലപാടാണ് സ്വീകാര്യമായുട്ടള്ളത്.
മതം മാറ്റ വിഷയത്തിൽ ക്രൈസ്തവ സഭകൾ നടത്തുന്ന പ്രവർത്തനങ്ങൾ ആസൂത്രിതവും വഞ്ചനാപരവുമാണ്. കബളിപ്പിച്ച് കൊണ്ടുള്ള മതം മാറ്റത്തെ പ്രതിരോധിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട് എന്ന് സഭ മനസ്സിലാക്കണം. അത് കൊണ്ടാണ് ക്രൈസ്തവ സഭകളും പ്രണയം നടിച്ചുള്ള മതം മാറ്റത്തെ അതി ശക്തമായി എതിർക്കുന്നത്. ഛത്തീസ്സ് ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മിഷണറിമാർ വ്യാപകമായി മതം മാറ്റം നടത്തുന്നതായി നിരവധി പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്.
സേവനം നടത്തുന്നതും സ്കൂളുകളും ആശുപത്രികളും നടത്തുന്നതും മതം മാറ്റം നടത്താനുള്ള ലൈസൻസല്ല. ഛത്തീസ് ഗഡിൽ നിന്നും പെൺകുട്ടികളെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തി കൊണ്ടു വന്ന സംഭവങ്ങൾ ഇതിന് മുൻപും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. മനുഷ്യക്കടത്ത് 2013ൽ പാസ്സാക്കിയ നിയമം മൂലം ഛത്തീസ്ഗഡിൽ കുറ്റകരമാക്കിയിട്ടുണ്ട്. കാള പെറ്റെന്ന് കേൾക്കുമ്പോഴെ കയറെടുക്കുന്ന സമീപനം രാഷ്ട്രീയ പാർട്ടികൾ ഉപേക്ഷിക്കണമെന്നും ബാബു പറഞ്ഞു.
ആലപ്പുഴ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളും മലയാളികളുമായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളെയാണ് മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ പൊലീസ് അറസ്റ്റ് ചെയ്തത്.