ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ തയ്യാറായി ഇന്ത്യ. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചു. അട്ടാരിയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരുടെയും വിസ റദ്ദാക്കി. പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ സമിതി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്.
പാകിസ്ഥാൻ പൗരന്മാർക്ക് ഇനി വിസ നൽകില്ലെന്നും തീരുമാനിച്ചു. സാർക് വിസ എക്സ്റ്റൻഷൻ പദ്ധതി പ്രകാരം വിസ ലഭിച്ച എല്ലാ പാകിസ്ഥാൻകാരുടെയും വിസ റദ്ദാക്കി. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് രാജ്യം വിടാൻ ഒരാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ പാകിസ്ഥാൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി കുറയ്ക്കാനും തീരുമാനിച്ചു.
പാകിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാൻ തീരുമാനം. പാകിസ്ഥാൻ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കും. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്. സുരക്ഷാ സമിതി യോഗം ഭീകരാക്രമണത്തെ അപലപിച്ചു. ഭീകരാക്രമണത്തിന് അതിർത്തികടന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച വിദേശ രാജ്യങ്ങൾക്ക് വിക്രം മിശ്രി നന്ദി അറിയിച്ചു. എല്ലാ സേനാ വിഭാഗങ്ങൾക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ജോയിന്റ് സെക്രട്ടറി എം ആനന്ദ് പ്രകാശ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.