കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് സൂചന.
ആക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ മലയാളിയായ എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പാക്കിസ്ഥാന്‍ സൈനിക നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ നടന്ന കൂട്ടക്കുരുതിയായാണ് ഈ ആക്രമണത്തെ ഇന്ത്യ നോക്കി കാണുന്നത്. ഇതു സംബന്ധമായ കൃത്യമായ വിവരങ്ങള്‍ ഇതിനകം തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അക്രമി സംഘത്തില്‍ ഏഴംഗങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചന. ഒരോരുത്തരെയും മാറ്റി നിർത്തി അവരുടെ മതം ചോദിച്ച ശേഷമാണ് വെടിവെച്ച് കൊന്നിരിക്കുന്നത്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇന്ത്യയില്‍ ഉള്ളപ്പോള്‍ നടന്ന ആക്രമണത്തെ അമേരിക്കയും ഗൗരവമായാണ് കാണുന്നത്. ഇന്ത്യയ്ക്ക് ഏത് തരം തിരിച്ചടി നടത്താനും അവകാശമുണ്ടെന്ന നിലപാടിലേക്ക് ഇപ്പോള്‍ അമേരിക്കയും മാറിയിട്ടുണ്ട്.
സൗദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറബ് രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ സൗദി സന്ദർശനം വെട്ടി ചുരുക്കി ഇന്ത്യയിലേക്ക് പുറപ്പെടുവാൻ തീരുമാനിച്ചിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലേക്ക് അമേരിക്ക, റഷ്യ, സൗദി അറേബ്യ, ഇസ്രയേല്‍, യു.എ.ഇ, ഇറാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും മാറിയിട്ടുണ്ട്. ആക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ച ലോക രാജ്യങ്ങള്‍, ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പാക്കിസ്ഥാനാണ് ഒറ്റപ്പെട്ടിരിക്കുന്നത്.
അതേസമയം, ഇന്ത്യ വലിയ രൂപത്തിലുളള തിരിച്ചടിക്കാണ് ഒരുങ്ങുന്നത്. അതിര്‍ത്തി കടന്ന് ഏത് നിമിഷവും, ഇന്ത്യന്‍ സൈനിക നടപടി ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നോര്‍ത്തേണ്‍ കമാന്‍ഡും എന്തിനും തയ്യാറായാണ് നില്‍ക്കുന്നത്. കരസേനക്ക് പുറമെ, നാവിക, വ്യോമ സേനകളും നിര്‍ദ്ദേശത്തിനായി കാത്തിരിക്കുന്ന സാഹചര്യമാണുള്ളത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ഉന്നത പട തന്നെ ജമ്മു കാശ്മീരില്‍ കുതിച്ചെത്തിയിട്ടുണ്ട്.
ഈ അവസരത്തില്‍ ഇന്ത്യ പാക്കിസ്ഥാന് നേരെ ആക്രമണം നടത്തിയാല്‍ ചൈനയ്ക്ക് പോലും ഇടപെടാന്‍ പരിമിതിയുണ്ടാകും. അമേരിക്കയുമായുള്ള സാമ്ബത്തിക യുദ്ധത്തില്‍ അടിപതറിയ ചൈന, ഇപ്പോള്‍ ഇന്ത്യയുമായി നല്ല ബന്ധത്തില്‍ പോകാനാണ് ആഗ്രഹിക്കുന്നത്. അതിനാവശ്യമായ നടപടികള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നതിനിടയ്ക്ക് പാക്ക് അനുകൂല തീവ്രവാദികള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണം ചൈനയെയും അമ്ബരപ്പിച്ചിട്ടുണ്ട്. ഇതിന് വലിയ വില പാക്കിസ്ഥാന്‍ നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ചൈനയ്ക്കും തര്‍ക്കമുണ്ടാവുകയില്ല.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരെ വരിയായി നിര്‍ത്തി വെടിവച്ച് കൊല്ലുകയാണ് ഉണ്ടായത്. 28 പേര്‍ തല്‍ക്ഷണം തന്നെ കൊല്ലപ്പെട്ടത്. അനവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പലരുടെയും നില അതീവ ഗുരുതരമാണ്. ഇതിനിടെ വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയില്‍ നിന്നുള്ള മൂന്ന് ജഡ്ജിമാര്‍ സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരാണ് ഇപ്പോള്‍ കശ്മീരില്‍ ഉള്ളത്.
ടൂറിസ്റ്റുകള്‍ ആയി കര്‍ണാടകയില്‍ നിന്ന് 12 പേര്‍ ഉണ്ടായിരുന്നു. ഒരേ സംഘത്തില്‍ ഉള്ളവര്‍ അല്ല ഇവരെന്നാണ് റിപ്പോര്‍ട്ട്. കുടുംബവുമായിട്ടാണ് കൊല്ലപ്പെട്ട മഞ്ജുനാഥ് റാവു എത്തിയത്. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹല്‍ഗാമില്‍ എത്തിയത്. നാല് ദിവസം മുന്‍പാണ് മഞ്ജുനാഥും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗ്ഗയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ആണ് മഞ്ജുനാഥ് റാവു.
അക്രമത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഈ നിലപാട് സൈന്യത്തിനും വലിയ ഊര്‍ജ്ജമായിട്ടുണ്ട്. മാരകമായ തിരിച്ചടി നല്‍കണമെന്നതാണ് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നിലപാട്. അവര്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെയും അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ 22 ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹല്‍ഗാമില്‍ ആക്രമണം നടന്നത്. വിനോദസഞ്ചാരികള്‍ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരര്‍ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം വെടിവയ്ക്കുകയാണുണ്ടായത്. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരര്‍ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികള്‍ എത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരര്‍ ഓടിരക്ഷപ്പെടുകയാണുണ്ടായത്.