വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം ഇന്ന് മുതല്‍ 50 ശതമാനമാണ് തീരുവ. തിങ്കളാഴ്ച അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയം തീരുവ പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട കരടുവിജ്ഞാപനമിറക്കിയിരുന്നു.
ഇതുപ്രകാരം ബുധനാഴ്ച ഇന്ത്യന്‍ സമയം പകല്‍ ഒമ്ബത് മണിക്ക് ശേഷം അമേരിക്കയിലെ വിപണിയിലെത്തുന്ന ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകും. തുണിത്തരങ്ങള്‍, തുന്നിയ വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകലുല്‍പ്പന്നങ്ങള്‍, ചെരുപ്പ്, രാസവസ്തുക്കള്‍, വൈദ്യുത-മെക്കാനിക്കല്‍ യന്ത്രങ്ങള്‍, മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവ വര്‍ധന കൂടുതല്‍ ബാധിക്കുക. മരുന്ന്, ഊര്‍ജോത്പന്നങ്ങള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെ ചുങ്കം ബാധിച്ചേക്കില്ല.
ട്രംപിന്റെ അധിക തീരുവ കാരണം ചരക്ക് കയറ്റുമതിയുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 മുതല്‍ 45 ശതമാനം വരെ കുറയുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി തീരുവ ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം യുഎസ് തീരുവ ചുമത്തുമെന്ന തീരുമാനത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. എത്ര സമ്മര്‍ദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുമെന്ന് മോദി പറഞ്ഞു.
ഇന്ന് ലോകത്ത് സാമ്ബത്തിക സ്വാര്‍ത്ഥതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് നാമെല്ലാവരും കാണുന്നത്. ഇത്തരം സംരക്ഷണവാദ നടപടികള്‍ക്കെതിരെ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നും പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.