തൃശൂർ: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ ശാലയിൽ അതിഭീകരമായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.
ആശുപത്രികളില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന നാലുപേർ കൂടി വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. തൃശൂർ പൂരത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉണ്ടായ ഈ ദുരന്തം നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ പല മൃതദേഹങ്ങളും തിരിച്ചറിയാൻപോലും കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. എട്ട് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്നും പരിസരങ്ങളില്‍ നിന്നുമായി നേരത്തെ കണ്ടെടുത്തിരുന്നു. ഇതില്‍ പലതും വെറും ശരീരഭാഗങ്ങള്‍ മാത്രമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ ചികത്സയിൽ കഴിയുന്നവരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നത് മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്ക വർദ്ധിപ്പിക്കുന്നു .
അഗ്നിശമന സേനയുടെ തീവ്രമായ പരിശ്രമത്തിനൊടുവില്‍ വൈകുന്നേരം ആറ് മണിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിരുന്നു. എങ്കിലും വെടിമരുന്നിന്റെ അംശം അവശേഷിക്കുന്നത് കണക്കിലെടുത്ത് പ്രദേശം ഇപ്പോഴും സുരക്ഷാ സേനയുടെ കർശന നിരീക്ഷണത്തിലാണ്.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.