ആലപ്പുഴ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായത് തുടർച്ചയായിപെയ്ത അതിതീവ്ര മഴ മൂലമെന്ന് ഭൗമശാസ്ത്രവിദഗ്ധർ. മറിച്ച് മാനുഷിക ഇടപെടലല്ലെന്നും അവർ വ്യക്തമാക്കി.1984-ൽ ഉരുൾപൊട്ടലുണ്ടായ അതേ സ്ഥലത്തുതന്നെയാണ് ഇപ്പോഴുമുണ്ടായത്. ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിലുൾപ്പെട്ട പ്രദേശമാണിത്. കനത്ത മഴയിൽ ഉൾവനത്തിലാണ് ഉരുൾപൊട്ടിയത്, ജനവാസ കേന്ദ്രത്തിലല്ല.
അതിനാൽ മാനുഷിക ഇടപെടലുമായി ബന്ധപ്പെട്ട കാരണങ്ങൾകൊണ്ടാണിതു സംഭവിച്ചതെന്നു പറയാനാകില്ലെന്ന് സംസ്ഥാന ലാൻഡ്സ്ലൈഡ് അഡ്വൈസറി കമ്മിറ്റിയംഗവും കേരള സർവകലാശാല ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ.എസ്. സജിൻകുമാർ പറഞ്ഞു.
20 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കു സാധ്യതയേറെയാണ്. ഉരുൾപൊട്ടിവന്നത് പുഴയുടെ ഇരു കരകളിലുമുള്ള പ്രളയസാധ്യതാ പ്രദേശത്തുള്ള ജനവാസകേന്ദ്രങ്ങളിൽ കനത്തനാശമുണ്ടാക്കി. ഉരുൾപൊട്ടൽ പ്രഭവകേന്ദ്രത്തിനു രണ്ടു കിലോമീറ്റർ ചുറ്റളവിൽ പാറമടകളുടെ സാന്നിധ്യം ഉപഗ്രഹചിത്രങ്ങളിലൊന്നും കണ്ടില്ല- അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിനു കാരണം മാനുഷിക ഇടപെടലുകളല്ലെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കേരള ഘടകം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. വി. അമ്പിളിയും പറഞ്ഞു.
മലയുടെ, ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് മാനുഷികഇടപെടലുണ്ടായിട്ടില്ല. തുടർച്ചയായ കനത്ത മഴയിൽ പാറകളുടെ വിള്ളലുകളിലുൾപ്പെടെ വെള്ളം നിറഞ്ഞു. വെള്ളം ഒഴുകിപ്പോകാൻ പറ്റാത്തവിധമായിരുന്നു മഴ. വിള്ളലുകളിൽ തിങ്ങിനിറഞ്ഞ വെള്ളം വൻ പാറകളെ പിളർത്തി- ഡോ. അമ്പിളി പറഞ്ഞു.