പഹല്‍ഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടിക്കു പിന്നാലെ.അതിര്‍ത്തി കടന്നുകയറിയ പാകിസ്താന്റെ മൂന്ന് എഫ് 16, എഫ് 17 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു. ഇന്ത്യയുടെ എയര്‍ ഡിഫന്‍സ് സിസ്റ്റമായ 'സുദര്‍ശന്‍' പാക് ആക്രമണശ്രമങ്ങളെ ഫലപ്രദമായി പരാജയപ്പെടുത്തി.
പാക് മിസൈലുകളെ നിലം തൊടുവിക്കാതെ ആകാശത്തുവച്ചു തന്നെ തകര്‍ക്കുകയായിരുന്നു. ആക്രമണലക്ഷ്യവുമായി കടന്നുകയറിയ യുദ്ധവിമാനങ്ങളെയും വെടിവച്ചിട്ടതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. തകര്‍ന്ന വിമാനത്തില്‍ നിന്നു രക്ഷപെടുന്നതിനിടെ ഒരു പാക് പൈലറ്റ് ഇന്ത്യയുടെ പിടിയിലായി. അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ. പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും തിരിച്ചാക്രമണം നടത്തി.
പാക് ആക്രമണ ശ്രമങ്ങളെത്തുടര്‍ന്ന് ജമ്മുവിലും കുപ്‌വാരയിലും പഞ്ചാബ് അതിര്‍ത്തിയിലും ബ്ലാക്‌ഔട്ട് പ്രഖ്യാപിച്ചു. ജമ്മുവില്‍ ഇന്റര്‍നെറ്റ് വിച്‌ഛേദിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാത്രി പ്രതിരോധസേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. രാത്രിയുണ്ടായ പാക് ആക്രമണങ്ങളില്‍ ഇന്ത്യയ്ക്ക് ആളപായമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രത്യാക്രമണമായി ഇന്ത്യന്‍ മിസൈലുകള്‍ ഇസ്ലാമബാദുവരെയെത്തിയതായി റിപ്പോര്‍ട്ടുണ്ട്.