ഓപറേഷൻ സിന്ദൂര്‍: സംസ്ഥാനത്തും അതീവ ജാഗ്രത നിർദേശം

രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ വർധിപ്പിച്ചു. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങള്‍, കര, നാവിക, വ്യോമസേന താവളങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇടുക്കി ഉള്‍പ്പെടെ അണക്കെട്ടുകള്‍ക്ക് പതിവ് സുരക്ഷ തുടരും. അതേസമയം സംഘർഷ സാഹചര്യം നേരിടാനുള്ള സേനാവിന്യാസം കേരളത്തിലില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

രാജ്യത്തിന്റെ ദക്ഷിണ അതിർത്തിയിലുള്ള സംസ്ഥാനത്തിന്‍റെ കടലിലും ആകാശത്തും സേനകള്‍ അതീവജാഗ്രതയിലാണ്. തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണവ്യോമ കമാൻഡ്, പാങ്ങോട് സൈനിക കേന്ദ്രം, കൊച്ചിയിലെ നാവികസേനാകേന്ദ്രം, തീരസംരക്ഷണ സേന എന്നിവയെല്ലാം മുൻകരുതലെടുത്തു.

ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനം ഉള്‍പ്പെടെ പതിനഞ്ചിലേറെ തന്ത്രപ്രധാന സ്ഥാപനങ്ങളുള്ള കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കി. കൊച്ചി നാവികത്താവളം, ഐ.എൻ.എസ് ദ്രോണാചാര്യ, ഐ.എൻ.എസ് ഗരുഡ, നാവിക വിമാനത്താവളം, ഐ.എൻ.എച്ച്‌.എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു.

കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടി. സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെയും സുരക്ഷ വർധിപ്പിച്ചു.

Vartha Malayalam News - local news, national news and international news.