സ്വീഡനിലെ ചലിക്കുന്ന ക്രൈസ്തവ ദേവാലയം , ചരിത്രയാത്ര അവസാനഘട്ടത്തില്‍.

സ്വീഡനിലെ വടക്കൻ ലാപ്‌ലാൻഡ് പ്രവിശ്യയില്‍പ്പെട്ട കിരുണ നഗരത്തിലാണ് ഈ ചരിത്ര പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം. ഈ ദേവാലയത്തെ പൂർവസ്ഥാനത്തുനിന്ന് അതേപടി മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കാനുള്ള യാത്ര ആരംഭിച്ചു.

672 ടണ്‍ ഭാരമുണ്ട് ഈ ദേവാലയത്തിന്. റിമോട്ട് കണ്‍ട്രോളില്‍ പ്രവർത്തിക്കുന്ന ഫ്ലാറ്റ്ബെഡ് ട്രെയിലറിനു മുകളിലാക്കിയാണ് ഈ പള്ളിയെ കൊണ്ടുപോകുന്നത്. കെട്ടിടങ്ങളും വീടുകളും അപ്പാടെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീക്കുന്നത് സമീപ കാലത്തു പതിവാണെങ്കിലും ഒരു ദേവാലയത്തെ പൂര്‍ണ്ണമായും മാറ്റുന്നത് അപൂര്‍വമായ ഒരു സംഭവമാണ്.

തടികളാല്‍ നിർമിതമായ ഈ പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതു തന്നെ പ്രമുഖ ഇരുമ്ബയിര് കമ്ബനിയായ എല്‍കെഎബിയുടെ ലോകത്തിലെ ഏറ്റവും വലിയ ഇരുമ്ബയിര് ഖനന പദ്ധതി സൃഷ്ട‌ിക്കുന്ന ഭീഷണിയെത്തുടർന്നാണ്. സ്വീഡനിലെ ഏറ്റവും മനോഹരമായ നിർമിതികളിലൊന്നായ ഈ ദേവാലയത്തിന്റെ ചരിത്രപ്രയാണം നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി ആരംഭിക്കുകയായിരുന്നു. നഗരത്തെ വലംവച്ചുള്ള ചരിത്രയാത്രയ്‌ക്കൊടുവിലാണ് പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ അഞ്ചു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തുക.

1912 ലാണു ഈ ദേവാലയം നിർമിച്ചത്.കിരണ ക്യാർക്ക എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വർഷങ്ങളായുള്ള ഖനനം മൂലം അടിത്തറയിൽ ബലക്ഷയം നേരിടുന്ന സാഹചര്യത്തില്‍ പള്ളി മാത്രമല്ല, കിരുന ടൗണ്‍ മുഴുവനായും മാറ്റിസ്ഥാപിക്കപ്പെടുകയായിരുന്നു . 2004ലാണ് പള്ളിയുള്‍പ്പെടെ കിരുണ ടൗണ്‍സെൻ്റർ മുഴുവനായും മാറ്റിസ്ഥാപിക്കുന്ന പ്രവര്‍ത്തിക്ക് ആരംഭം കുറിച്ചത്. ദേവാലയം വഹിച്ചുകൊണ്ടുള്ള കൂറ്റൻ ട്രെയിലറിനു പോകാനായി നഗരത്തിലെ റോഡ് 24 മീറ്റർ വീതി കൂട്ടി വികസിപ്പിച്ചിരുന്നു. എല്‍കെഎബി കമ്ബനി തന്നെയാണ് ഇതിന്റെ ചെലവ് മുഴുവന്‍ വഹിക്കുന്നത്.

Vartha Malayalam News - local news, national news and international news.