മുളവുകാട് : സിന്തറ്റിക് ലഹരിയുൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ യുവതലമുറയെ പിടിമുറുക്കുന്ന സാഹചര്യത്തിൽ വൈറ്റ് ക്രോസ്സ് കമ്മ്യൂണിറ്റിയുടെ 'ലഹരിക്കെതിരെ ആത്മീയലഹരി ' എന്ന ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. മുളവുകാട് പഞ്ചായത്ത്, കടമക്കുടി എന്നീ പ്രദേശങ്ങളിൽ നടന്ന ക്യാമ്പയിനുകൾ വലിയ വിജയമായി. ഒരു പ്രദേശത്തെ മുഴുവൻ വീടുകളിലും വൈറ്റ് ക്രോസ്സ് വോളണ്ടിയർമാർ കയറിയിറങ്ങുകയും ലഹരിക്കെതിരായ സന്ദേശം നൽകുകയും ചെയ്തു.മുളവുകാട് അംബേദ്കർ എസ് സി കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തിയ ' സേ യെസ് ടു ഗോഡ്' എന്ന പരിപാടി കെ.എൻ. ഉണ്ണികൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തികൾക്കായി സർക്കാരിന്റെ എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ലഹരിക്ക് എതിരെ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളെ വിവരിച്ചുകൊണ്ട് കെ.എൻ. ഉണ്ണികൃഷ്ണൻ MLA മുളവുകാട് നിവാസികളോട് സംസാരിച്ചു .അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് നർക്കോട്ടിക്സ് ശ്രീ. അബ്ദുൽ സലാം K.A. മുഖ്യപ്രഭാഷണം നടത്തി. ലഹരിയിൽ നിന്നും യുവതലമുറയെ പിന്തിരിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് പ്രതിപാദിച്ചു.തുടർന്ന് യുവജന കൂട്ടായ്മയുടെ വിവിധ കലാപരിപാടികളും മൈമും ഉണ്ടായിരുന്നു.മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൈന ഓ ജി, കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ശ്രീകാന്ത് ഇടുക്കപ്പാറക്കൽ,വൈറ്റ് ക്രോസ്സ് കമ്മ്യൂണിറ്റി കോർഡിനേറ്റർ പ്രൊഫ. ജോയി എം ഫിലിപ്പ്, വിമൻസ് കോഡിനേറ്റർ സപ്ന എന്നിവർ പ്രസംഗിച്ചു.