ആറാട്ടിൻ്റെ യഥാർത്ഥ റിവ്യൂ ആണോ നിങ്ങൾ അന്വേഷിക്കുന്നത്... എങ്കിൽ ഇതൊന്നു വായിച്ചു നോക്കൂ

അക്ഷരാര്‍ഥത്തില്‍ തിയറ്ററുകളില്‍ മോഹൻലാലിന്റെ 'ആറാട്ടാ'ണ്. 'നെയ്യാറ്റിൻകര ഗോപനാ'യി മോഹൻലാല്‍ തിമിര്‍ത്താടിയിരിക്കുന്നു. ഒരു കംപ്ലീറ്റ് മോഹൻലാല്‍ ഷോയാണ് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്'. മോഹൻലാല്‍ ആരാധകര്‍ക്ക് തിയറ്ററുകളില്‍ ആഘോഷമാക്കാൻ പോന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

ഒരിടവേളക്ക് ശേഷം മോഹൻലാലിനെ ഫുള്‍ എനര്‍ജിയില്‍ കാണാനാകുന്നുവെന്നത് തന്നെയാണ് 'ആറാട്ടി'ന്റെ ഏറ്റവും വലിയ പ്രത്യേകത. ഇൻട്രോ രംഗം തൊട്ട് മോഹൻലാല്‍ വിളയാട്ടായി മാറുന്നു ചിത്രം. 'ആറാട്ട്' എന്ന ചിത്രം എന്തായിരിക്കും എന്ന് മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീനില്‍ തന്നെ സംവിധായകൻ പറഞ്ഞുവയ്‍ക്കുന്നു. ഷോ കഴിഞ്ഞാല്‍ സംസാരിക്കാം എന്നാണ് 'നെയ്യാറ്റിൻകര ഗോപ'നോട് മറ്റൊരു കഥാപാത്രം പറയുന്നതുപോലും.

യുക്തിക്ക് അല്ല ചിത്രത്തില്‍ പ്രാധാന്യം എന്നത് എടുത്തുപറയേണ്ട കാര്യമല്ല. തിയറ്ററുകളിലെ ആഘോഷം മാത്രം മുന്നില്‍ക്കണ്ടിട്ടുള്ളതാണ് ചിത്രം. മലയാളത്തിന്റെ മാസ് ചിത്രങ്ങളില്‍ ഒന്നായി മാറുകയും ചെയ്യും. തിയറ്ററുകളിലെ ആര്‍പ്പുവിളികള്‍ക്കായിട്ടുള്ളതാണ് മോഹൻലാലിന്റെ 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്'.

തിയറ്ററുകളില്‍ ഉത്സവാന്തരീക്ഷം ആഗ്രഹിക്കുന്ന ആരാധകര്‍ പ്രതീക്ഷിച്ചേക്കാവുന്ന ചേരുവകള്‍ ചിത്രത്തിലുടനീളമുണ്ട്. മോഹൻലാലിന്റെ പഴയ സിനിമകളുടെ റെഫറൻസുകളും ആരാധകരെ ആവേശത്തിലാക്കും. കോമഡിക്കായി എഴുത്തുകാരൻ കൂട്ടുപിടിച്ചിരിക്കുന്നതും മോഹൻലാല്‍ ചിത്രങ്ങളുടെ റെഫറൻസാണ്. തെല്ലൊന്നു ട്രോളുന്ന തരത്തില്‍ വരെ റെഫെറൻസുകള്‍ കടന്നുവരുന്നു. കോമഡിയിലും ആക്ഷനിലുമെല്ലാം പഴയ താളം വീണ്ടെടുക്കുന്ന മോഹൻലാല്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മോഹൻലാല്‍ ആക്ഷൻ രംഗങ്ങളില്‍ യുവത്വത്തിന്റെ എനര്‍ജിയോടെ ആരാധകനെ ആവേശത്തിലാക്കുന്നു.

'ആറാട്ടി'ലെ കോമഡി രംഗങ്ങളിലും മോഹൻലാലിന്റെ ടൈമിംഗും കുസൃതികളും വര്‍ക്ക് ഔട്ടാകുന്നുവെന്നതാണ് തിയറ്റര്‍ അനുഭവം. സ്റ്റൈലിഷായി മോഹൻലാല്‍ ചിത്രത്തില്‍ ആരാധകര്‍ക്ക് കാഴ്‍ചാനുഭവമാകുന്നു. 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി'ല്‍ തകര്‍പ്പൻ പ്രകടനം നടത്തിയിരിക്കുന്ന മറ്റൊരു താരം സിദ്ദിഖാണ്. രസികത്തമുള്ള മാനറിസങ്ങളിലൂടെ സിദ്ദിഖ് ചിരിപ്പിക്കുന്നു. മണ്ടത്തരം വിളമ്പുന്ന കഥാപാത്രമായി ജോണി ആന്റണിയും ചിരിക്ക് വക നല്‍കുന്നു. അന്തരിച്ച നെടുമുടി വേണും കോട്ടയം പ്രദീപും ചിത്രത്തില്‍ ചെറു വേഷങ്ങളിലുണ്ട്. രചന നാരായണൻകുട്ടി, കോട്ടയം രമേശ്, അശ്വിൻ, വിജയരാഘവൻ, ലുക്‍മാൻ, സായ് കുമാര്‍, കൊച്ചു പ്രേമൻ, നന്ദു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

'ആറാട്ടി'ന്റെ മാസ് തിയറ്റര്‍ അനുഭവം മുന്നില്‍ക്കണ്ടാണ് ബി ഉണ്ണികൃഷ്‍ണൻ ചിത്രത്തിന്റെ ആഖ്യാനം രൂപപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിന്റെ മാസ് ആയി അവതരിപ്പിക്കാനാണ് സംവിധായകൻ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മോഹൻലാല്‍ എന്ന കൗഡ് പുള്ളര്‍ ആക്ടര്‍ക്ക് ആവോളം സ്വാതന്ത്ര്യം നല്‍കുന്ന തരത്തിലാണ് അത്. മോഹൻലാല്‍ ആരാധകരെ ഏറ്റുപറയാൻ പ്രേരിപ്പിക്കും വിധമുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉദയ് കൃഷ്‍ണ തിരക്കഥ എഴുതിയിരിക്കുന്നത്.

നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതുപോലെ എ ആര്‍ റഹ്‍മാൻ ഷോയും ചിത്രത്തിന്റെ ആകര്‍ഷണമായി മാറിയിരിക്കുന്നു. വിജയ് ഉലഗനാഥിന്റെ ക്യാമറയും ഷമീര്‍ മുഹമ്മദിന്റെ ഛായാഗ്രാഹണമൊക്കെ ചിത്രത്തിന്റെ മാസ് അനുഭവത്തിന് വേണ്ടിയാണ് ശ്രദ്ധിച്ചിരിക്കുന്നത്. സിനിമയിലെ ആക്ഷൻ രംഗങ്ങളിലെ പശ്ചാത്തലസംഗീതത്തിന് രാഹുല്‍ രാജിനും നന്ദി പറയാം. മാസ് സിനിമകളെ ഇഷ്‍ടപ്പെടുന്നവര്‍ 'നെയ്യാറ്റിൻകര ഗോപന്റെ 'ആറാട്ട്' ആഘോഷമാക്കുമെന്നത് തീര്‍ച്ച. 'നെയ്യാറ്റിൻകര ഗോപൻ' ആരെന്നത് തിയറ്ററുകളില്‍ പോയിത്തന്നെ പോയി അറിയേണ്ടതുമാണ്.

Vartha Malayalam News - local news, national news and international news.