മമ്മൂട്ടിക്കെതിരായ സംഘ്പരിവാർ വിദ്വേഷ പ്രചാരണം; നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയും

പുഴു സിനിമയുമായി ബന്ധപ്പെട്ട് സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ. രാജനും എഎം ആരിഫ് എം.പിയും. സിനിമയുടെ സംവിധായിക രത്തീനയുടെ മുൻ ഭർത്താവ് ഷെർഷാദ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനു പിന്നാലെയാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്.Sangh Parivar

പുഴു സിനിമ ബ്രാഹ്മണ വിരുദ്ധമാണെന്നും അതിൽ മതപരമായ പ്രൊപ്പഗണ്ടയുണ്ടെന്നും അതിനു പിന്നിൽ മമ്മൂട്ടിക്ക് പങ്കുണ്ടെന്നുമൊക്കെ ആരോപിച്ചാണ് സൈബർ ആക്രമണവും സോഷ്യൽമീഡിയയിലൂടെ വിദ്വേഷ പ്രചാരണവും വ്യാപകമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രം​ഗ​ത്തെത്തിയത്.

‘ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം’ എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് മന്ത്രി പിന്തുണയറിയിച്ചത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ‘ഇത് ഇവിടെ കിടക്കട്ടെ’ എന്നാണ് എ.എം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടിയെന്നും ഇദ്ദേഹം ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കുമെന്നും മന്ത്രി കെ. രാജൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ‘മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്‌യെയെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽമീഡിയകളിൽ വ്യാപക അധിക്ഷേപവും മമ്മൂട്ടിക്കെതിരെ നടക്കുന്നുണ്ട്. നിരവധി സംഘ്പരിവാർ അനുകൂല പ്രൊഫൈലുകളും ഓൺലൈൻ മാധ്യമങ്ങളും മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. 2022ലാണ് പുഴു റിലീസായത്.

Vartha Malayalam News - local news, national news and international news.