പാവറട്ടി: സിനിമ സംവിധായകൻ സൈജോ കണ്ണനായ്ക്കലിന്റെ ആദ്യ കവിത സമാഹാരം പ്രണയത്തിൻ്റെ നിറം പ്രകാശിതമായി. ലോക പ്രണയ ദിനത്തിൽ വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രണയവും വിരഹവും വേദനയും സന്തോഷവും കണ്ണുനീരും പ്രമേയമാകുന്ന ഇരുപത്തിയഞ്ച് ചെറു കവിതകളാണ് 'പ്രണയത്തിൻ്റെ നിറം' എന്ന കവിത സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേവസൂര്യ സീനിയർ സിറ്റിസൺ രക്ഷാധികാരി പ്രഭാകര മാരാർ അധ്യക്ഷനായി. ഗോകുലം പബ്ലിക് സ്കൂൾ പ്രിൻസിപ്പാളും എഴുത്തുകാരനുമായ ശ്രീജിത്ത് തൊണ്ടയാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ റാഫി നീലങ്കാവിൽ പുസ്തകം പ്രകാശനം ചെയ്തു. നാടക പ്രവർത്തകൻ വർഗീസ് ചെറുവത്തൂർ പുസ്തകം ഏറ്റുവാങ്ങി. കവിയത്രി ദേവൂട്ടി ഗുരുവായൂർ പുസ്തക പരിചയം നടത്തി. ദേവസൂര്യ പ്രസിഡണ്ട് റെജി വിളക്കാട്ടുപാടം, സെക്രട്ടറി കെ. സി. അഭിലാഷ്, പൊതുപ്രവർത്തകൻ ഷൈജു തിരുനല്ലൂർ, വേണു ബ്രഹ്മകുളം എന്നിവർ പ്രസംഗിച്ചു തുടർന്ന് രാധാകൃഷ്ണൻ അരിമ്പൂർ, ദേവി കുന്നത്തങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ സംഗീത നിശയും ഉണ്ടായിരുന്നു.