ഭക്ഷണമേഖലയിൽ സാങ്കേതികവിദ്യ വളർന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഒന്നാണ് ലാബ് ഗ്രോൺ മീറ്റ്. മൃഗങ്ങളെ അറുക്കാതെ പരീക്ഷണശാലകളിൽ മാംസകലകൾ വളർത്തിയെടുക്കുന്നതാന് ഇത്. ഇപ്പോഴിതാ ഈ രീതി ഉപയോഗിച്ച് ബീഫും ചോറും ചേർന്ന ഒരു ഹൈബ്രിഡ് ഭക്ഷണം ഒരുക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ശാസ്ത്രജ്ഞർ. പിങ്ക് നിറമുള്ള, ചോറു പോലെയിരിക്കുന്ന ഈ ഭക്ഷണം പ്രോട്ടീനുകളുടെ മികച്ച കലവറയാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
പരമ്പരാഗത മൃഗ ഫാമിങ് രീതികളെക്കാൾ കുറച്ചുമാത്രം ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിനാൽ ഇവ പരിസ്ഥിതിക്ക് വളരെയേറെ ഗുണകരമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ യോൻസി സർവകലാശാലയിലുള്ള ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നിൽ. കന്നുകാലികളിലെ പേശി, കൊഴുപ്പ് വിത്തുകോശങ്ങളെടുത്ത് അരിയിൽ സ്ഥാപിച്ചാണ് ഗവേഷണം പുരോഗമിച്ചത്. കോശങ്ങൾ അരിയിലേക്കു ഘടിപ്പിക്കപ്പെടാനായി ഫിഷ് ജെലാറ്റിൻ, വിവിധ രാസവസ്തുക്കൾ എന്നിവ ആദ്യം അരിയിൽ നൽകിയിരുന്നു.
വിത്തുകോശങ്ങൾ നൽകിയശേഷം ഇവ 9 മുതൽ 11 ദിവസം വരെ കൾച്ചറിങ് പ്രക്രിയയ്ക്കായി ഒരു പെട്രിഡിഷിൽ നിലനിർത്തി. പരീക്ഷണം വിജയമായതോടെ പുതിയ ഹൈബ്രിഡ് ബീഫ്-അരി യാഥാർഥ്യമായി. സാധാരണ അരിയെ അപേക്ഷിച്ച് 8 ശതമാനം കൂടുതൽ പ്രോട്ടീൻ ഇതിനുണ്ടെന്ന് ഗവേഷകർ പറയുന്നു.
ഭക്ഷണസംബന്ധമായ രോഗസാധ്യതകൾ പുതിയ ഉൽപന്നത്തിൽ കുറവാണെന്ന് ഗവേഷകർ പറയുന്നു. സാധാരണ ബീഫ് വാങ്ങുന്നതിന്റെ ഏഴിലൊന്നു മാത്രമേ ഇതിനു ചെലവുണ്ടാകുകയുള്ളുവെന്നും ഗവേഷകർ പറയുന്നു. സാധാരണ ബീഫിലൂടെ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്‌സൈഡിന്റെ എട്ടിലൊന്നേ ഇതിൽ നിന്നു പുറന്തള്ളപ്പെടൂ എന്നുള്ളത് പരിസ്ഥിതിപരമായി ഗുണകരമാണെന്നും ഗവേഷകർ പറയുന്നു.
ഈ ഭക്ഷണത്തിന്റെ രുചിയും ആവശ്യത്തിനനുസരിച്ച് മാറ്റാം. പേശികളിൽ നിന്നുള്ള വിത്തുകോശങ്ങൾ കൂടുതൽ അടങ്ങിയിട്ടുള്ള ഉൽപന്നത്തിന്റെ രുചി കൊഴുപ്പ് വിത്തുകോശങ്ങൾ കൂടുതലടങ്ങിയിരിക്കുന്ന ഉൽപന്നത്തിൽനിന്നു വ്യത്യസ്തമായിരിക്കും. ഈ ഉൽപന്നം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഇത് ജനപ്രിയമായ ഒരു ഭക്ഷണസ്രോതസ്സായി മാറുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ