കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ? കൂട്ടുകാർ തമ്മിൽ തർക്കം, ഒരാൾ മറ്റൊരാളെ വെട്ടിക്കൊന്നു

കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ? കാലാകാലങ്ങളായി നമ്മൾ ഈ ചോദ്യം ചോദിക്കാറുണ്ട്. ഇന്റർനെറ്റിലും ഇന്ന് പലയിടങ്ങളിലും ഈ ചോദ്യം കാണാറുണ്ട്. ഈ കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന ചോദ്യം. എന്നാൽ, അങ്ങനെ ഒരു ചോദ്യം ഒരാളുടെ ജീവനെടുക്കും എന്ന് നമുക്ക് ഊഹിക്കാനാവുമോ? എന്തായാലും, ഈ ചോദ്യത്തിന് പിന്നാലെയുണ്ടായ തർക്കത്തിൽ ഇന്തോനേഷ്യയിൽ ഒരു യുവാവിന് ജീവൻ തന്നെ നഷ്ടപ്പെട്ടതായിട്ടുള്ള ഒരു വാർത്തയാണിത്. 

ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജൂലൈ 24 -ന് തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം നടന്നത്. ഡിആർ എന്നറിയപ്പെടുന്നയാളാണ് സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത്. ആദ്യം ഡിആർ കാദിറിനെ മദ്യപിക്കാൻ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ ഡിആർ കാദിറിനോട് ആ ചോദ്യം ചോദിച്ചു, കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ? അതോടെ, ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മിൽ വലിയ തർക്കം തന്നെ ഉടലെടുത്തു. 

കൂടുതൽ വഴക്ക് വേണ്ട എന്ന് കരുതി വാ​ഗ്വാദം അവസാനിപ്പിച്ച് കാദിർ അവിടെ നിന്നും പോകാനിറങ്ങുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ തന്റെ ബൈക്കിൽ ഡിആർ കാദിറിനെ പിന്തുടർന്നു. പിന്നീട്, കയ്യിലുണ്ടായിരുന്ന ഇന്തോനേഷ്യയിലെ ഒരു പരമ്പരാ​ഗത ആയുധമുപയോഗിച്ച് കാദിറിനെ വെട്ടുകയും ചെയ്തു. 

അടുത്തുണ്ടായിരുന്നയാളാണ് കാദിറിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിക്കുകൾ ​ഗുരുതരമായതിനാൽ കാദിർ മരണപ്പെടുകയായിരുന്നു. പിന്നാലെ, ഡിആറിനെ പൊലീസ് അറസ്റ്റും ചെയ്തു. പൊലീസ് പറയുന്നത് ഈ സമയത്ത് ഇരുവരും നന്നായി മദ്യപിച്ചിരുന്നു അതാണ് ഒരു ദുരന്തത്തിൽ കലാശിച്ചത് എന്നാണ്. 

ഇന്തോനേഷ്യയിൽ നേരത്തെയും ഇതുപോലെയുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാട്ട്സാപ്പ് ​ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്തതിനെ തുടർന്ന് ഒരാൾ സുഹൃത്തിനെ വെട്ടിക്കൊന്നിരുന്നു. 

Vartha Malayalam News - local news, national news and international news.