അപൂര്‍വ്വമായ ഒരു കാഴ്ച! കരീബിയന്‍ തീരത്ത് സ്വര്‍ണ്ണനിറത്തിലുള്ള സ്രാവ്.

അത്ഭുതകരമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച്‌ കരീബിയന്‍ സമുദ്രതീരം. മുങ്ങല്‍ വിദഗ്ധരും മത്സ്യ തൊഴിലാളികളും അടുത്തിടെ ഇവിടെ കണ്ടെത്തിയത് തിളങ്ങുന്ന സ്വര്‍ണവും ഓറഞ്ചും കലര്‍ന്ന നിറത്തിലുള്ള ആകര്‍ഷമായ ഒരു സ്രാവിനെ .കോസ്റ്റാറിക്കയിലെ കരീബിയന്‍ തീരത്ത് ടോര്‍ട്ടുഗ്യൂറോ നാഷണല്‍ പാര്‍ക്കിന് സമീപമുള്ള മത്സ്യതൊഴിലാളികളാണ് ഈ നഴ്സ്സ്രാവിനെ കണ്ടെത്തിയത്. ഏകദേശം 2 മീറ്റര്‍ നീളമുണ്ട് ഈ സ്രാവിന് . തിളങ്ങുന്ന ഓറഞ്ച് നിറമുളളതും വലിയ വെളുത്ത കണ്ണുകളും ആകര്‍ഷകമായ രൂപവുമുള്ളതാണ് ഇത്. ഇത്തരത്തിലൊരു സ്രാവിനെ ഇതിന് മുന്‍പ് ഈ പ്രദേശത്ത് കണ്ടിട്ടില്ല എന്നാണ് ഇവിടുത്തെ ആളുകള്‍ പറയുന്നത്.

റിയോ ഗ്രാന്‍ഡെയിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് അസാധാരണമായ പിഗ്മെന്റ് സാന്തിസം മൂലമാണ് ഈ പ്രതിഭാസം ഉണ്ടായത് എന്നാണ്. മഞ്ഞ അല്ലെങ്കില്‍ സ്വര്‍ണ്ണ നിറത്തിലുളള പിഗ്മെന്റുകളുടെ അധിക സാന്നിധ്യത്തിന് കാരണമാകുന്ന അപൂര്‍വ്വ അവസ്ഥയാണിത്. സാധാരണയായി ശത്രുക്കളില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കുന്ന തരത്തിലുളളതാണ് സ്രാവുകളുടെ സാധാരണ നിറം. പക്ഷേ ഇതിന്റെ തിളക്കമുളള നിറം സ്രാവിനെ കൂടുതല്‍ ദൃശ്യമാക്കുകയും ശത്രുക്കള്‍ അവരെ ആക്രമിക്കാന്‍ ഇടയാക്കുകയും ചെയ്യും.അതേസമയം ഓറഞ്ച് നിറം ജനിതക അവസ്ഥയില്‍ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.

മറ്റ് ചില ഘടകങ്ങളും കൂടി ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. പാരിസ്ഥിതിക സമ്മര്‍ദ്ദം, ഉയര്‍ന്ന താപനില, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയും നിറത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.

ഗവേഷകര്‍ പറയുന്നത് ഈ അപൂര്‍വ്വ നിറത്തിന് പിന്നിലെ കാരണമെന്താണെന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരുമെന്നാണ്.

Vartha Malayalam News - local news, national news and international news.