ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിലൂടെ ഒരു രാത്രിയില്‍ ഒമ്ബത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. ഈ സൈനിക നീക്കത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ടതിന് പിന്നിലും വൈകാരികമായ കാരണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പേര് തിരഞ്ഞെടുത്തത്. ഭീകരവാദികള്‍ നമ്മുടെ സ്ത്രീകളെ വിധവകളാക്കി. അതിനുള്ള പ്രതികാരമാണിതെന്ന് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി ഈ പേര് മുന്നിലേക്ക് വെച്ചത്.
വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ നെറ്റിയില്‍ അണിയുന്നതാണ് സിന്ദൂരം. ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരൻ താഴ്‌വരയില്‍ വിനോദസഞ്ചാരികളുള്‍പ്പെടെ 26 നിരപരാധികളെയാണ് തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. പുരുഷൻമാരെയാണ് ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. ഇതിലൂടെ നിരവധി സ്ത്രീകള്‍ക്കാണ് അവരുടെ ഭർത്താക്കൻമാരെ നഷ്ടമായത്. ഭർത്താവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുതളർന്നിരുന്ന ഹിമാൻഷിയുടെ ചിത്രവും രാജ്യം മറക്കില്ല. വിവാഹം കഴിഞ്ഞ് ആറാം നാളാണ് നേവിയില്‍ ലഫ്റ്റ്നൻറ് കേണലായിരുന്ന വിനയ് നർവാള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. വിനയ് നർവാളിന്‍റെ മൃതദേഹത്തിനരികെയിരുന്ന ഹിമാൻഷിയുടെ ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.
ഇതിനോടെല്ലാമുള്ള പ്രതികാര മറുപടി എന്ന നിലയ്ക്കാണ് ദൗത്യത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിട്ടിരിക്കുന്നതെന്ന്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ 'നീതി നടപ്പാക്കി, ജയ്ഹിന്ദ്' എന്നാണ് സൈന്യം എക്‌സില്‍ കുറിച്ചത്. 'തിരിച്ചടിക്കാൻ തയ്യാർ, ജയിക്കാൻ പരിശീലിച്ചവർ' എന്ന തലക്കെട്ടില്‍ മറ്റൊരു വീഡിയോയും സൈന്യം പങ്ക് വെച്ചിരുന്നു. കര, വ്യോമസേനകള്‍ സംയുക്തമായിട്ടായിരുന്നു ആക്രമണം നടത്തിയത്.
കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നല്‍കിയത്. ഭീകരരുടെ കേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.