കെഎസ്‌ആർടിസി ബസിലേക്ക് എസ്യുവി ഇടിച്ചുകേറി മൂന്നുപേർ മരിച്ചു

ഉത്രാടനാള്‍ വ്യാഴാഴ്ച നാടുണർന്നത് ദുരന്തവാർത്തയും കേട്ടുകൊണ്ടാണ്. ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്‌ആർടിസി ബസിലേക്ക് എസ്യുവി ഇടിച്ചുകേറി മൂന്നുപേർ മരിച്ചു.രണ്ടുപേർക്ക് പരിക്കെന്നായിരുന്നു ആദ്യംകേട്ട വാർത്ത. ജനം അങ്ങോട്ടൊഴുകാൻ തുടങ്ങി. പോലീസും അഗ്നിരക്ഷാസേനയുംചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ടത് ആരാണെന്നറിയാൻ മാർഗമില്ലായിരുന്നു. എട്ടുമണി കഴിഞ്ഞപ്പോഴേക്കും തേവലക്കരയിലുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് മനസ്സിലായി. ആരാണെന്ന് വ്യക്തമായതോടെ തേവലക്കരയും ദുഃഖത്തിലായി. ബന്ധുവിനെ യാത്രയാക്കാൻ നെടുമ്ബാശ്ശേരിയില്‍ പോയിമടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്നും വ്യക്തമായി. ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയതോടെ അന്തരീക്ഷം സങ്കടഭരിതമായി. പരിക്കേറ്റ പ്രിൻസിന്റെ ഭാര്യ ബിന്ധ്യയെ പ്രിൻസും രണ്ടുമക്കളും മരിച്ച വിവരം അറിയാതിരിക്കാനായി ആരെയും അങ്ങോട്ട് വിടാതെനോക്കി. പ്രിൻസിന്റെ അച്ഛൻ തോമസും അമ്മയും ആശുപത്രിയിലെത്തി. വിതുമ്ബിക്കൊണ്ട് നടന്നുവന്ന ഇരുവരെയും ബന്ധുക്കളും സുഹൃത്തുക്കളും താങ്ങിപ്പിടിച്ചു. തുടർന്ന് ശാരീരികാസ്വാസ്ഥ്യം തോന്നിയ ഇരുവരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാ പ്രതീക്ഷകളും തകർന്ന ഒരുകുടുംബത്തിന്റെ ദുഃഖം അവിടെ കണ്ടുനിന്നവരിലേക്കും പടർന്നു.

ഉത്രാടദിനം രാവിലെ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ് ജങ്ഷനില്‍ ഇടിത്തീപോലെയാണ് ആ വാർത്ത പരന്നത്. പൈപ്പ് ജങ്ഷന് നൂറുമീറ്റർ കിഴക്ക് പൈപ്പ് റോഡിന്റെ അരികിലെ ആ വീട് വ്യാഴാഴ്ച അടഞ്ഞുകിടക്കുകയായിരുന്നു. പ്രിൻസ് വില്ല(എടത്തുണ്ടില്‍)യിലെ അഞ്ചു താമസക്കാരില്‍ മൂന്നുപേരും മരിച്ചു. രണ്ടുപേർ ആശുപത്രിയിലുമായി. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീടിനുപുറത്ത് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. വീട് പൂട്ടി താക്കോലുമായാണ് പ്രിൻസും കുടുംബവും പോയത്. ബുധനാഴ്ച രാത്രിയും താൻ കണ്ടുസംസാരിച്ച പ്രിൻസും രണ്ടു മക്കളും അപകടത്തില്‍ മരിച്ചെന്ന വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് അയല്‍വാസി അബ്ദുള്‍ സലിം പറഞ്ഞു. വാഹനങ്ങളോടും യാത്രയോടും പ്രിൻസിന് കമ്ബമുണ്ടായിരുന്നെന്ന് സലിം പറഞ്ഞു. നേരത്തേ വാങ്ങിയ എസ്യുവിയുടെ പുതിയ മോഡല്‍ വിപണിയിലെത്തിയപ്പോള്‍ പ്രിൻസ് സ്വന്തമാക്കിയിരുന്നു.

ബന്ധുവിനെ വിമാനം കയറ്റിവിടാനുള്ള യാത്രയായിരുന്നെങ്കിലും ഒരു 'കുടുംബയാത്ര'യുടെ മൂഡിലായിരുന്നു അവർ. ബുധനാഴ്ച രാത്രി പത്തുമണിയോടെ തേവലക്കര പടിഞ്ഞാറ്റിൻകര പ്രിൻസ് വില്ലയില്‍നിന്ന് സന്തോഷത്തോടെയാണ് അവർ വണ്ടികയറിയത്. ഭാര്യ ബിന്ധ്യ, മക്കളായ ഐശ്വര്യ, അതുല്‍, അല്‍ക്ക എന്നിവർ. രണ്ടുമാസംമുൻപ് വാങ്ങിയ പുതിയ എസ്യുവിയില്‍ ഒരു കുഞ്ഞു 'കുടുംബയാത്ര'. യാത്രകള്‍ ആഘോഷിക്കാറുള്ള ആ കുടുംബത്തിന് വിമാനത്താവളത്തില്‍നിന്നുള്ള മടക്കയാത്ര ദുരന്തമായി. വീട്ടിലേക്ക് തിരികെയെത്താൻ 20 മിനിറ്റ് ശേഷിക്കെ ഓച്ചിറ വലിയകുളങ്ങരയില്‍ റോഡപകടത്തില്‍ കുടുംബത്തിലെ മൂന്നു ജീവനാണ് പൊലിഞ്ഞത്. പ്രിൻസും അതുലും അല്‍ക്കയും അപകടസ്ഥലത്തുതന്നെ മരിച്ചു. ഐശ്വര്യ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഭർത്താവും രണ്ടു മക്കളും മരിച്ചതറിയാതെ ബിന്ധ്യയും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഭർത്താവിനെയും മക്കളെയും കാണണമെന്നുപറഞ്ഞ് അവള്‍ വാശിപിടിക്കുമ്ബോള്‍ കരച്ചിലടക്കി നിസ്സഹായരായി നില്‍ക്കാനേ ബന്ധുക്കള്‍ക്ക് കഴിയുന്നുള്ളൂ.

മക്കളെയും അച്ചാച്ചനെയും കാണണമെന്ന് ബിന്ധ്യ; അലറിക്കരഞ്ഞ് മറിയാമ്മ

മക്കളെയും അച്ചാച്ചനെയും കാണണമെന്നു വാശിപിടിച്ചു കരയുന്ന, പ്രിൻസിന്റെ ഭാര്യ ബിന്ധ്യക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും. അപകടം നടന്ന ഉടൻതന്നെ ബോധം നഷ്ടപ്പെട്ട ബിന്ധ്യ മക്കളെവിളിച്ചു കരച്ചിലായിരുന്നു. കാറിന്റെ കതകു പൊളിച്ചു പുറത്തേക്കിറക്കാൻ ശ്രമിച്ചപ്പോഴും ഓർമ്മ നഷ്ടപ്പെട്ടനിലയിലായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴും നിലയില്‍ മാറ്റമുണ്ടായില്ല. കാലിനു പറ്റിയ ഒടിവിനെക്കുറിച്ച്‌ അറിവില്ലാത്തതുപോലെയായിരുന്നു പെരുമാറ്റം. ബിന്ധ്യയുടെ അവസ്ഥ മനസ്സിലാക്കിയ പോലീസ് കൗണ്‍സലറെ ഏർപ്പാടാക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമായപ്പോഴേക്കും ഏതാണ്ട് ബോധം തിരികെ കിട്ടിയപോലെയായി. പിന്നീടാണ് ഭർത്താവ് പ്രിൻസിനെയും മക്കളെയും കാണണമെന്നു വാശിപിടിച്ചു കരയാൻ തുടങ്ങിയത്. എന്തു മറുപടി പറയുമെന്നറിയാതെ പകച്ചുനില്‍ക്കുകയായിരുന്നു ബന്ധുക്കളും ആശുപത്രി ജീവനക്കാരും.

പ്രിൻസിന്റെ അച്ഛൻ തോമസും അമ്മ മറിയാമ്മയും മകന്റെയും പേരക്കുട്ടികളുടെയും ചേതനയറ്റ ശരീരം കാണാനായി ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലെ മോർച്ചറിയില്‍ എത്തി. ഇരുവരെയും താങ്ങിയാണ് മോർച്ചറിയിലേക്ക് കൊണ്ടുവന്നത്. മൃതശരീരം കണ്ടതോടെ ഹൃദയംപൊട്ടുമാറ് നിലവിളിയുയർന്നു. അപ്പന്റെ സൗന്ദര്യം അതേപടി ലഭിച്ച അതുല്‍മോനേ..., എന്റെ പൊന്നുമോളോടു ഞാൻ ഇതെങ്ങനെ പറയും... എന്നിങ്ങനെ പതംപറഞ്ഞുള്ള കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. എന്റെ പൊന്നുമക്കളെ ഇവിടെയിട്ടിട്ടു ഞാൻ പോകില്ലെന്നു വാശിപിടിച്ചുകരഞ്ഞ മറിയാമ്മയെ മോർച്ചറിയുടെ സമീപം ബന്ധുക്കള്‍ കസേരയിട്ടിരുത്തി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു.

Vartha Malayalam News - local news, national news and international news.