അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടി ഖുശ്ബു

എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറയുന്നു. 

താൻ എന്തെങ്കിലും പറഞ്ഞാൽ കുടുംബത്തിലുള്ള മറ്റുള്ളവർ അധിക്ഷേപം കേൾക്കേണ്ടി വരുമെന്ന ചിന്തയാണ് വർഷങ്ങളോളം മൗനം പാലിക്കാൻ കാരണം. എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലർത്തിയിരുന്ന ആളാണ് തന്റെ അമ്മയെന്നും അതിനാൽ അച്ഛനെക്കുറിച്ച് പറഞ്ഞാൽ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും താരം തുറന്നുപറയുന്നുണ്ട്. എന്നാൽ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലിൽ നിന്നാണ് എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്.

ദ ബേണിംഗ് ട്രെയിൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച ഖുശ്ബു തെന്നിന്ത്യൻ സിനിമാലോകത്തെ ജനപ്രിയ മുഖമായി മാറി. പിന്നീട് 2010ൽ രാഷ്ട്രീയത്തിൽ ചേർന്നു. കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബർ മാസത്തിലാണ് ഖുഷ്ബു ബി ജെ പിയിലെത്തിയത്. സോണിയ ഗാന്ധിക്ക് രാജികത്ത് നൽകിയ ശേഷമായിരുന്നു ഖുഷ്ബു ബി ജെ പിയിലെത്തിയത്. 

Vartha Malayalam News - local news, national news and international news.